“മോനേ നിന്റെ പടമൊക്കെ ഇഷ്ടമാണ്, പക്ഷെ എന്ത് തടിയാടാ നിനക്ക്”; പായസം നല്‍കിക്കൊണ്ട് ആരാധികയുടെ ചോദ്യവും നിവിന്‍പോളിയുടെ ‘പടവെട്ട്’ ലുക്കും
ഓരോ സിനിമയിലേയും കഥാപാത്രങ്ങളുടെ പരിപൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള ചലച്ചിത്രതാരങ്ങളുടെ സമര്‍പ്പണം ചെറുതല്ല. വെള്ളിത്തിരയില്‍ കഥാപാത്രത്തെ മികച്ചതാക്കാന്‍ വേണ്ടി ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ നടത്തുന്ന താരങ്ങളുടെ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയിലും നിറയാറുണ്ട്. ഇപ്പോഴിതാ ‘പടവെട്ട്’ എന്ന പുതിയ ചിത്രത്തിനു വേണ്ടി ശരീര വണ്ണം കൂട്ടിയ നിവിന്‍ പോളിയാണ് ശ്രദ്ധ നേടുന്നത്.
പടവെട്ടിന്റെ സംവിധായകനായ ലിജു കൃഷ്ണന് ആണ് നിവിന്‍ പോളിയുടെ സമര്‍പ്പണത്തെക്കുറിച്ച് പറഞ്ഞത്. സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം സംസാരിക്കുകയായിരുന്നു സംവിധായകന്.
ലിജു കൃഷ്ണയുടെ വാക്കുകള്‍
“ഈ സിനിമയുടെ ഏറ്റവും വലിയ ഭാഗം നിവിന്‍ ചേട്ടന് തന്നെയാണ്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് പടവെട്ടിന്റെ കഥ അദ്ദേഹത്തോട് പറയുന്നത്. അന്ന് മറ്റൊരു സിനിമയ്ക്കു വേണ്ടി നിവിന്‍ ചേട്ടന് അത്യാവശ്യം നല്ല വണ്ണം വെച്ചിട്ടുണ്ടായിരുന്നു. കഥ പറഞ്ഞു, അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. ആ സമയത്ത് ഞാന്‍ പറഞ്ഞു, ‘ചേട്ടാ, നമ്മുടെ സിനിമയ്ക്ക് ഇതിലും കുറച്ച് കൂടി തടി വേണ്ടി വരും. കുറച്ച് നാള് ആ തടിയുമായി സിനിമയ്ക്കൊത്ത് സഞ്ചരിക്കേണ്ടി വരും”.
“തന്റെ പഴയ ശരീരത്തിലേയ്ക്ക് മാറണം എന്ന് നിവിന്‍ ചേട്ടന് ആഗ്രഹിച്ചു നില്ക്കുന്ന സമയമായിരുന്നു അത്. പക്ഷേ നമ്മുടെ സിനിമയുടെ ഷൂട്ടിങ് കുറച്ചുനാള്‍ നീണ്ടുനില്‍ക്കുമെന്ന് നിവിന്‍ ചേട്ടന് അറിയാമായിരുന്നു. ഇതിലും തടി വയ്ക്കുക എന്നാല്‍ വല്ലാത്തൊരു അവസ്ഥയാണെന്ന് എന്നോട് പറഞ്ഞെങ്കിലും അത് ചെയ്യാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു.”
“ഈ സിനിമയുടെ ഷൂട്ടിനിടെ പലരും നിവിന്‍ ചേട്ടനെ നേരിട്ട് കാണാനും സംസാരിക്കാനുമൊക്കെ ശ്രമിച്ചിട്ടുണ്ട്. അവരൊക്കെ ആദ്യം പറയുന്നത്, ‘മോനെ നിന്റെ പടമൊക്കെ കാണാറുണ്ട്, ഇഷ്ടമാണ്. പക്ഷേ എന്ത് തടിയാടാ നിനക്ക് എന്നൊക്കെയാണ്”.
“ഒരു ദിവസം ഒരു പ്രായമുള്ള ചേച്ചി നിവിന്‍ ചേട്ടനു കൊടുക്കാന്‍ കുറച്ച് പായസവുമായി സെറ്റിലെത്തി. നിവിന്‍ ചേട്ടനും ഭയങ്കര സന്തോഷമായി. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആ ചേച്ചി പറഞ്ഞു, ‘എടാ എന്ത് തടിയാടാ, കുറച്ച് കുറച്ചൂടെ… നീ എന്താ കഴിക്കുന്നേ.’
‘അങ്ങനെ പലരില്‍ നിന്നും ഇതുപോലുള്ള നിരവധി അഭിപ്രായങ്ങള്‍ അദ്ദേഹം കേട്ടിട്ടുണ്ട്. ഈ സിനിമയ്ക്കു വേണ്ടി നിവിന്‍ ചേട്ടന് എടുക്കുന്ന പരിശ്രമത്തിന്റെ ഭാഗമായാണ് ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നത്. നിവിന്‍ ചേട്ടന് തന്റെ ശരീരം മറന്നാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.” ലിജു കൃഷ്ണ പറഞ്ഞു.