ഗായകനോടുള്ള ആരാധന കൂടി കണ്ണിൽ ടാറ്റൂ ചെയ്തു; ഒടുവിൽ കാഴ്ച നഷ്ടമായി

കുറച്ചുകാലമായി ആളുകൾക്ക് ടാറ്റൂവിനോട് വല്ലാത്ത പ്രണയമാണ്. ശരീര ഭാഗങ്ങളിൽ ടാറ്റൂ ചെയ്തിരുന്ന രീതികളൊക്കെ മാറ്റിമറിച്ച് ഇപ്പോൾ ഭയപ്പെടുത്തുന്ന ഫാഷൻ ട്രെൻഡുകളാണ് കടന്നെത്തിയിരിക്കുന്നത്. ഇപ്പോൾ കണ്ണിൽ വരെയാണ് ടാറ്റൂ ചെയ്യുന്നത്. ട്രെൻഡിന്റെ ഭാഗമായി ഇത്തരം സാഹസത്തിനു മുതിരുന്നവർക്ക് ലഭിക്കുന്ന കനത്ത മുന്നറിയിപ്പായി മാറിയിരിക്കുകയാണ് ഒരു മോഡലിന്റെ അവസ്ഥ.
പോളിഷ് ഗായകനായ പോപ്പക്കിനോടുള്ള ആരാധന മൂത്ത് കണ്ണിൽ ടാറ്റൂ ചെയ്യുകയായിരുന്നു പോളണ്ട് സ്വദേശിനിയായ അലക്സാൻഡ്ര സഡോവ്സ്ക. നിർഭാഗ്യവശാൽ അവർക്ക് ടാറ്റൂ ചെയ്തതിനു ശേഷം പുകച്ചിലും അസഹ്യമായ വേദനയും അനുഭവപ്പെട്ടു. പിന്നാലെ വലത് കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടമാകുകയായിരുന്നു.
ശരീരത്ത് ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷി തന്നെയാണ് ടാറ്റൂ ചെയ്തയാൾ കണ്ണിലും ഉപയോഗിച്ചത്. കണ്ണിനു പ്രത്യേകം മഷി ഉണ്ട്. ഇടത് കണ്ണിനും കാഴ്ച കുറഞ്ഞതോടെ ശസ്ത്രക്രിയക്ക് വിധേയയായി. പക്ഷെ കോശങ്ങളിലേക്കും മഷി പടർന്നതോടെ വലതു കണ്ണിനും കാഴ്ച നഷ്ടമാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എന്തായാലും ടാറ്റൂ ചെയ്തയാൾക്ക് എതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകിയിരിക്കുകയാണ് യുവതി.