ആലാപനത്തിലും ദൃശ്യാവിഷ്കാരത്തിലും വ്യത്യസ്തത: ‘കുട്ടനാടൻ കായലിലേ…’, മലയാളികളുടെ ഇഷ്ടഗാനത്തിന് വേറിട്ടൊരു കവർ വേർഷൻ
പച്ചപ്പണിഞ്ഞ പാടശേഖരങ്ങളും കായലുകളും തോടുകളും ഇഴചേർന്നു നിൽക്കുന്ന കുട്ടനാടിനോട് കലയും സിനിമയും ഒരുപോലെ അടുത്തുനിൽക്കുന്നു. അതുകൊണ്ടുതന്നെ കുട്ടനാടിന്റെ ഭംഗിയിൽ വിരിഞ്ഞ ഗാനങ്ങളും ഏറെയാണ്. മലയാളികൾ നെഞ്ചോട് ചേർത്ത ‘കുട്ടനാടൻ കായലിലേ കെട്ടുവള്ളം തുഴയുമ്പോൾ പാട്ടൊന്നു പാടെടി കാക്കക്കറുമ്പി…’ എന്ന ഗാനം ഏറ്റുപാടാത്തവർ ഉണ്ടാവില്ല. ഇപ്പോഴിതാ ഈ മനോഹര ഗാനത്തിന് വേറിട്ടൊരു കവർ വേർഷനുമായി എത്തുകയാണ് നിരഞ്ജ് സുരേഷിൻറെ നേതൃത്വത്തിലുള്ള എൻ ആർ ജെ ബാൻഡ്. നിക് ആൻഡ് എൻ ആർ ജെ പ്രൊഡക്ഷന്റെ ബാനറിലാണ് ഈ പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണിയുടെ ആലാപന ശൈലിയും ഈ ഗാനത്തെ മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാക്കി മാറ്റി. ബ്ലെസ്സി സംവിധാനം നിർവഹിച്ച ‘കാഴ്ച’ എന്ന ചിത്രത്തിലെ ഈ ഗാനം കുട്ടനാടിന്റെ മനോഹാരിത വരച്ചുകാണിക്കുന്നുണ്ട്.
ആലപ്പുഴ ഒരിക്കൽ പോലും കാണാത്തവരുടെയും എത്ര കണ്ടാലും മതിവരാത്തവരുടെയും മനം ഒരുപോലെ നിറയ്ക്കുന്ന ഗാനങ്ങളിൽ ഒന്നാണിത്. അതുകൊണ്ടുതന്നെ മലയാളികളുടെ ഈ ഇഷ്ടഗാനത്തിന് പുതിയൊരു വേർഷൻ അവതരിച്ചപ്പോഴും മലയാളികൾ ഏറെ ഇഷ്ടത്തോടെയാണ് ഇതിനെയും സ്വീകരിച്ചത്. ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു ഈ ഗാനം.
ആലാപനത്തിലെ വ്യത്യസ്തതയും ദൃശ്യങ്ങളിലെ മനോഹാരിതയും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടി. നിരഞ്ജ് സുരേഷ് ആലപിച്ച ഗാനത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് ഗൾഫു ജയകൃഷ്ണൻ എന്നിവർ ചേർന്നാണ്. ഷിയാൻ ഷാജി- ഗിറ്റാർ, നെവില്ലെ- കീബോർഡ്, ജാക്സൺ ജേക്കബ്- ബാസ്സ്, ജിയോ ജേക്കബ്- ഡ്രംസ്.