വേലിയിറക്കത്തിൽ തെളിയുന്ന പാറയിലെ അക്ഷരങ്ങൾ; ശ്രദ്ധേയമായി 230 വർഷം പഴക്കമുള്ള മരണമൊഴി..
ചരിത്രത്തിന്റെ അവശേഷിപ്പുകളിൽ ഗവേഷണം നടത്തുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാൽ അവർക്കൊന്നും പിടികൊടുക്കാതെ ഫ്രാൻസിലെ ബ്രിട്ടനി സമുദ്രതീരത്ത് വേലിയിറക്കത്തിൽ മാത്രം കാണപ്പെടുന്ന ഒരു ശിലാലിഖിതമുണ്ടായിരുന്നു. 1970 ലാണ് ആദ്യമായി പ്രദേശവാസികൾ ആ ശിലാലിഖിതം കാണുന്നത്. ഇത്തരം ഒട്ടേറെ ഫലകങ്ങൾ മുൻപും കണ്ടെത്തിയിട്ടുള്ളതിനാൽ നാട്ടുകാർ പുരാവസ്തു വകുപ്പിൽ അറിയിച്ചു.
എന്നാൽ ചരിത്രകാരന്മാരെയും ഗവേഷകരെയുമെല്ലാം ഒരുപോലെ ഈ ഒരു മീറ്റർ ഉയരമുള്ള ശിലാലിഖിതം കുഴക്കി. ഒരു പ്രാചീന ഭാഷ എന്നല്ലാതെ ഏത് ഭാഷയെന്ന അവർക്ക് കണ്ടെത്താൻ സാധിച്ചില്ല. ചില അക്ഷരങ്ങൾ തലതിരിച്ചും കോറിയിട്ടിട്ടുണ്ടായിരുന്നു.പല ഭാഷകളാണ് എന്ന് മാത്രം ബോധ്യപ്പെട്ടതല്ലാതെ എന്താണ് എഴുതിയിരിക്കുന്നത് എന്ന് മാത്രം വ്യക്തമായില്ല.
ഒടുവിൽ അവിടുത്തെ പ്രാദേശിക സർക്കാർ ഒരു മത്സരം നടത്താൻ തീരുമാനിച്ചു. ആ പാറയിൽ എഴുതിയത് വായിച്ച് അർഥം പറയുന്നയാൾക്ക് 2000 യൂറോ നൽകും. ഏകദേശം ഒന്നര ലക്ഷം രൂപ. ഒരുപാട് നാളുകൾ കാത്തിരുന്നതിനു ശേഷമാണ് 61 പേര് മത്സരത്തിൽ പേര് ചേർത്തത്. എന്തായാലും മത്സരം വെറുതെയായില്ല.
കൂട്ടത്തിൽ രണ്ടുപേരാണ് വിജയികളായത്. 230 വർഷം പഴക്കമുള്ള ഈ എഴുത്ത് ഒരു മരണ രഹസ്യമായിരുന്നു..കണ്ടുപിടിച്ച രണ്ടാൾക്കും തുക തുല്യമായി വീതിക്കും. കെൽറ്റിക് ഭാഷ വിദഗ്ധനായ റെനേ ട്യൂഡിക്കും ചരിത്രകാരനായ റോജർ ഫാലിഗോയുമാണ് ആ വാക്കുകളുടെ ആശയം കണ്ടെത്തിയത്.
റെനേ കണ്ടെത്തിയത്, ബ്രെട്ടോൺ ഭാഷയിൽ എഴുതിയതാണ് അതെന്നാണ്. പട്ടാളക്കാരനായ ഒരാൾ വഞ്ചിയിൽ കടലിൽ പോയപ്പോൾ കൊടുങ്കാറ്റിനിടെ വഞ്ചി മറിഞ്ഞു എന്ന് സുഹൃത്തെഴുതിയ കുറിപ്പാണിത് എന്നാണ് അദ്ദേഹം പറഞ്ഞത്.
റോജർ ഫാലിഗോ കണ്ടെത്തിയത്, വളരെ ധൈര്യവാനായ ഒരാൾ ഈ ദ്വീപിൽ അകപ്പെടുകയും പ്രതികൂല കാലാവസ്ഥയിൽ മരണപ്പെട്ടു എന്നുമാണ്. എന്തായാലും രണ്ടാളുടെയും കണ്ടെത്തലിൽ പൊതുവായി ഉണ്ടായിരുന്നത് മരണം, ദ്വീപ്, കടൽ, പ്രതികൂല അവസ്ഥ എന്നിവയാണ്.
എന്നാൽ ഇതും നിഗമനങ്ങൾ മാത്രമാണ് എന്ന് ചരിത്രകാരന്മാർ പറയുന്നു. ഇനിയും അതിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.