ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ഇമ്പോസിഷൻ എഴുതിച്ച് കേരള പോലീസ്
March 28, 2020

കൊവിഡ് നിയന്ത്രണത്തിനായി രാജ്യം 21 ദിനം ലോക്ക് ഡൗണിലാണ്. പുറത്തിറങ്ങരുതെന്ന കർശന നിർദേശമുണ്ടെങ്കിലും ഇത് ലംഘിച്ച് പൊതുനിരത്തുകളിൽ സഞ്ചരിക്കുന്നവരുണ്ട്. ആദ്യ ദിനങ്ങളിൽ പോലീസ് കടുത്ത നടപടികളാണ് ഇത്തരക്കാർക്ക് എതിരെ സ്വീകരിച്ചത്. തല്ലി ഓടിക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ഇതോടെ വെളിയിൽ ആവശ്യമില്ലാതെ ഇറങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു.
എന്നിട്ടും പുറത്ത് ഇറങ്ങിയവരോട് വെള്ളിയാഴ്ച കോഴിക്കോട് റൂറൽ പോലീസ് സ്വീകരിച്ച നയം വ്യത്യസ്തമായിരുന്നു. ഇവരെ ഉപദ്രവിക്കുകയോ ഒന്നും ചെയ്യാതെ ഇമ്പോസിഷൻ എഴുതിച്ചു.
ഈ ആശയം മുന്നോട്ട് വെച്ചത് റൂറൽ എസ്.പി. ഡോ. എം. ശ്രീനിവാസാണ്. നിർദേശം പാലിക്കാത്തവരെ സ്റ്റേഷനിൽ എത്തിച്ച് ’21 ദിവസം ഞാൻ വീടിനു വെളിയിൽ ഇറങ്ങില്ല’ എന്ന് ഇമ്പോസിഷൻ എഴുതിക്കുകയായിരുന്നു.