‘ആ വാക്കുകൾ പ്രചോദനമായി, നിങ്ങളെ കാണാൻ കാത്തിരിക്കുന്നു’- ഒടുവിൽ പക്രുവിന് നന്ദി അറിയിച്ച് ക്വേഡൻ ബെയിൽസ്

March 16, 2020

ഓസ്‌ട്രേലിയയിൽ ഉയരക്കുറവിൻെറ പേരിൽ സുഹൃത്തുക്കളുടെ പരിഹാസത്തിന് ഇരയായ ക്വേഡൻ ബെയിൽസ് എന്ന ഒൻപതുവയസുകാരനെ ആരും മറന്നിട്ടുണ്ടാകില്ല. പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്നെയൊന്നു കൊന്നു തരുമോ എന്ന് അമ്മയോട് ചോദിക്കുന്ന ക്വേഡന്റെ മുഖം ലോകമെമ്പാടുമുള്ളവർക്ക് വേദനയായി മാറിയിരുന്നു.

എന്നാൽ ആ കുട്ടിക്ക് ഊർജം പകരാൻ തന്റെ ജീവിതകഥ മലയാള സിനിമ താരം ഗിന്നസ് പക്രു പങ്കുവെച്ചിരുന്നു. ഓസ്‌ട്രേലിയയിൽ ഉള്ള പ്രാദേശിക മാധ്യമങ്ങൾ ആ വാർത്ത റിപ്പോർട്ട് ചെയ്യുകയും ഗിന്നസ് പക്രുവിനെക്കുറിച്ച് ക്വേഡനും അമ്മയും അറിയാനിടയാവുകയും ചെയ്തിരുന്നു.

ഇപ്പോൾ പക്രുവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ക്വേഡൻ. ഒരു നടനാകാൻ ആഗ്രഹമുള്ളതിനാൽ ഗിന്നസ് പക്രുവിന്റെ വാക്കുകൾ അവനു ഒരുപാട് പ്രചോദനമായി എന്നാണ് ക്വേഡന്റെ അമ്മ പറയുന്നത്. ഗിന്നസ് പക്രുവാണ് ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. ‘ഒടുവിൽ ക്വേഡനും അമ്മയും
എന്നോട് സംസാരിക്കുന്നു ..’ എന്ന കുറിപ്പോടെയാണ് ക്വേഡന്റെയും അമ്മയുടെയും ശബ്ദ സന്ദേശം പക്രു പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കോളിലൂടെ ക്വേഡൻ ഗിന്നസ് പക്രുവിനെ കാണാൻ കാത്തിരിക്കുകയാണെന്നാണ് ഫോൺ സംഭാഷണത്തിൽ ക്വേഡന്റെ അമ്മ വ്യക്തമാക്കുന്നത്. അടുത്ത ഇന്ത്യ സന്ദർശനത്തിൽ പക്രുവിനെ കാണാൻ ആഗ്രഹമുണ്ടെന്നാണ് ക്വേഡൻ പറയുന്നത്.

ശ്രവണ സഹായി വയ്ക്കാത്തതിനാൽ മിതമായി മാത്രമേ ക്വേഡൻ ഫോണിലൂടെ സംസാരിക്കാറുള്ളു. എങ്കിലും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കാനും ക്വേഡൻ മറന്നില്ല. ഉയരക്കുറവാണ് തന്നെ ഗിന്നസ് ബുക്കിൽ വരെ എത്തിച്ചതെന്ന് പക്രു അന്ന് പറഞ്ഞിരുന്നു. വലിയ പിന്തുണയായിരുന്നു പക്രുവിന്റെ വാക്കുകൾക്ക് ലഭിച്ചത്.