ഷോപ്പിങ്ങിന് പോകുമ്പോള്‍ ഇക്കാര്യത്തിലും വേണം കരുതല്‍; ഓര്‍മ്മപ്പെടുത്തലുമായി ഹ്രസ്വചിത്രം
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ശക്തമായ ജാഗ്രത തുടരുകയാണ് കേരളം. മൂന്നാഴ്ചത്തേയ്ക്ക് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് 19 രോഗ വ്യാപനത്തിന് തടയിടാന്‍ രാജ്യവ്യാപകമായി നിരവധി പ്രചരണങ്ങളും നടക്കന്നുണ്ട്. മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഹ്രസ്വചിത്രങ്ങളിലൂടെയാണ് പ്രചരണം നടത്തുന്നത്.
ഇത്തരത്തിലുള്ള പുതിയ ഹ്രസ്വചിത്രം പുറത്തെത്തി. വണ്ടര്‍ വുമണ്‍ വിദ്യ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. ‘ഷോപ്പിങ്ങിന് പോകുമ്പോല്‍ അത്യാവശ്യമായവ മാത്രം വാങ്ങുക, മറ്റുള്ളവര്‍ക്കും നല്‍കണം കരുതല്‍’ എന്ന സന്ദേശമാണ് ഈ ഹ്രസ്വചിത്രം മുന്നോട്ടുവയ്ക്കുന്നത്.
കഴിഞ്ഞ ദിവസം വണ്ടര്‍ വുമണ്‍ വനജ, സൂപ്പര്മാന് സദാനന്ദന് എന്നിങ്ങനെ രണ്ട് ഹ്രസ്വചിത്രങ്ങളും ഫെഫ്ക പുറത്തുവിട്ടിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയാണ് വണ്ടര്‍ വുമണ്‍ വനജ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിട്ടും അനന്തരവളുടെ വിവാഹത്തില്‍ പങ്കെടുക്കാതെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച സദാനന്ദനെക്കുറിച്ചാണ് സൂപ്പര്മാന് സദാനന്ദന് എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എട്ട് ഹ്രസ്വചിത്രങ്ങള്‍ ഫെഫ്ക ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ സമയംകൊണ്ടാണ് ഫെഫ്ക ഈ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്, അന്ന രാജന്, മുത്തുമണി, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഫെഫ്ക ഈ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നതും.