‘ഒരിക്കലും ഇത്രയും പേർ വന്ന് സഹായിക്കുമെന്ന് വിചാരിച്ചില്ല’- കേരള പോലീസിന് നന്ദി അറിയിച്ച് നടൻ ബാല- വീഡിയോ
കേരളം ലോക്ക് ഡൗൺ പോലൊരു നിർണായക കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് കേരള പോലീസിന്റെ മഹത്വവും പലരും നേരിട്ട് അറിയുന്നത്. വളരെ കരുതലോടും മാന്യതയോടും അവർ ജനങ്ങൾക്കായി വെയിലിൽ പോലും തളർച്ചയൊക്കെ മാറ്റിവെച്ച് പ്രവർത്തിക്കുകയാണ്.
ഇപ്പോൾ കേരള പോലീസിന്റെ സഹായത്തെ കുറിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ ബാല. വയോധികർ താമസിക്കുന്ന സ്ഥലത്തേക്ക് സാധനങ്ങൾ വാങ്ങാൻ തനിക്കൊപ്പം സഹായത്തിനെത്തിയ പൊലീസുകാരെ കുറിച്ചാണ് ബാല പറയുന്നത്. മാത്രമല്ല, ബാലയ്ക്കൊപ്പം എത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വീഡിയോയിൽ കാണാം.
‘കേരള പോലീസിനോട് നന്ദി പറയുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഉള്ള നിയമങ്ങൾ എല്ലാവർക്കും അറിയാം. പക്ഷെ പാവങ്ങൾ എന്ത് ചെയ്യും.. മാമംഗലം ആശ്രമത്തിൽ നിന്നും വിളിച്ചിരുന്നു. അവിടെ സാധനങ്ങൾ ഒന്നുമില്ലെന്ന് അറിയിച്ചു’ ബാല പറയുന്നു. ‘ഞാൻ ഉടൻ തന്നെ സിഐ വിജയ് ശങ്കറിനെ വിളിച്ചു. അവരെ എങ്ങനെ സഹായിക്കാൻ പറ്റുമെന്ന് അദ്ദേഹത്തോട് ചോദിച്ചു. നോർത്ത് പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസും എനിക്കൊപ്പം സഹായത്തിനായി എത്തി. ഒരിക്കലും ഇത്രയും പേർ വന്ന് സഹായിക്കുമെന്ന് വിചാരിച്ചില്ല. അത്രത്തോളം നന്മയാണ് അവർ ചെയ്തത്’. ബാല പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദിയും അറിയിച്ചു.
ഇതുപോലെ ഒട്ടേറെ നന്മ നിറഞ്ഞ പ്രവർത്തികളാണ് കേരള പോലീസ് കൊവിഡ് കാലത്ത് ജനങ്ങൾക്കായി ചെയ്യുന്നത്. ഒട്ടേറെ അംഗീകാരങ്ങളും ജനപിന്തുണയും പോലീസിന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ലഭിച്ചു.