‘ഇത് ഏറ്റവും അലോസരപ്പെടുത്തുന്നതും ദുഃഖകരവുമായ വാർത്തയാണ്’- ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വേർപാടിൽ അമ്പരന്ന് ബോളിവുഡ്

April 29, 2020

അഭിനയ വൈഭവത്തിന്റെ മറുവാക്കായ ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വേർപാട് അക്ഷരാർത്ഥത്തിൽ സിനിമ ലോകത്ത് അമ്ബരപ്പന് സൃഷ്ടിച്ചിരിക്കുന്നത്. അൻപത്തിമൂന്നാം വയസിൽ വിടപറഞ്ഞ കലാകാരന്റെ മരണത്തിൽ അനുശോചനം അറിയിക്കുകയാണ് പ്രമുഖർ. ഇന്ത്യൻ സിനിമക്ക് രാജ്യാന്തര വേദികളിൽ അംഗീകാരം നേടിക്കൊടുത്ത വ്യക്തി ആയിരുന്നു ഇർഫാൻ ഖാൻ. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, രാഹുൽ ഗാന്ധി, രൺദീപ് ഹൂഡ, അക്ഷയ് കുമാർ തുടങ്ങി രാഷ്ട്രീയ- സാംസ്‌കാരിക പ്രമുഖർ അദ്ദേഹത്തിന് ആദരവർപ്പിച്ചു.

ഇത് ഏറ്റവും അലോസരപ്പെടുത്തുന്നതും ദുഃഖകരവുമായ വാർത്തയാണ് എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചത്. അവിശ്വസനീയമായ കഴിവും കനിവുമുള്ള ഒരു സഹപ്രവർത്തകൻ .. ലോക സിനിമയ്ക്ക് സമൃദ്ധമായ സംഭാവനകൾ നൽകിയ വ്യക്തി എന്നാണ് അമിതാഭ് ബച്ചൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

സിനിമ ലോകത്തിനു വലിയ നഷ്ടമാണ് പ്രചോദനവും വിനോദവും നൽകിയ ഇർഫാൻ ഖാന്റെ വളരെ നേരത്തെയുള്ള മരണം എന്ന് രൺദീപ് ഹൂഡ കുറിക്കുന്നു.

ഇർ‌ഫാൻ‌ ഖാൻ‌ സിനിമാലോകത്തിന് നഷ്ടമായതിനെ കുറിച്ച് ഖേദമുണ്ട് എന്നും വൈദഗ്ധ്യവും കഴിവുമുള്ള നടനായ അദ്ദേഹം ആഗോള ചലച്ചിത്ര-ടിവി വേദിയിലെ പ്രശസ്തമായ വ്യക്തിയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറയുന്നു.

ഈ കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇർഫാൻ ഖാന്റെ നിര്യാണത്തെക്കുറിച്ച് കേട്ടതിൽ ഞെട്ടലുണ്ടെന്നാണ് അക്ഷയ് കുമാർ രേഖപ്പെടുത്തിയത്.

2018 മാർച്ചിലാണ്‌ തനിക്ക് കാൻസർ ആണെന്ന് ഇർഫാൻ ഖാൻ വെളിപ്പെടുത്തുന്നത്. ഗുരുതരമായ ന്യൂറോ എന്‍ഡ്രോകൈന്‍ കാൻസർ ആയിരുന്നു അദ്ദേഹത്തിന്.