‘ജന്മദിനാശംസകൾ ചിയാൻ, ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്റെ സമ്മാനം’- വിക്രമിന് പിറന്നാൾ ആശംസിച്ച് മകൻ ധ്രുവ്
April 17, 2020

തമിഴ് സിനിമയിൽ ഏറ്റവും സമർപ്പണ ബോധമുള്ള നടനാണ് ചിയാൻ വിക്രം. ഇന്ന് അൻപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന വിക്രമിന് ആരാധകരും സിനിമ പ്രേമികളും ആശംസകൾ അറിയിച്ചു. ഇപ്പോൾ വിക്രമിന്റെ ഏറ്റവും വലിയ ആരാധകൻ ആശംസയുമായി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, മകനും നടനുമായ ധ്രുവ് വിക്രം.
‘ജന്മദിനാശംസകൾ ചിയാൻ, നിങ്ങളുടെ ഏറ്റവും വലിയ ആരാധകൻ നൽകുന്ന വീഡിയോ’ എന്ന കുറിപ്പോടെയാണ് അച്ഛന് ധ്രുവ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്.
വിക്രമിന്റെ ഹിറ്റ് ചിത്രങ്ങളിലെ രംഗങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ആണ് ധ്രുവ് വിക്രം ഒരുക്കിയത്. മലയാളത്തിൽ സഹനടനായി എത്തിയ വിക്രം പിന്നീട് തമിഴ് സിനിമയിലെ സൂപ്പർ താരമാകുകയായിരുന്നു.
മകൻ ധ്രുവ് വിക്രമിന്റെ ആദ്യ ചിത്രം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോൾ കരുത്തു പകർന്നു കൂടെ നിന്നത് വിക്രം ആയിരുന്നു.