‘ഗംഭീരം, കാക്കിയണിഞ്ഞ ആളാണ് പാട്ടുപാടുന്നതെന്നത് കൂടുതൽ സന്തോഷം നൽകുന്നു’- കേരള പോലീസിനെ അഭിനന്ദിച്ച് കമൽ ഹാസൻ
ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് കേരളം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ. ലോക പ്രസിദ്ധ മാധ്യമങ്ങളും, എഴുത്തുകാരും ഇന്ത്യയെ കുറിച്ച് പറയുമ്പോൾ കേരളത്തിനെ പ്രത്യേകം പരാമർശിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നടൻ കമൽ ഹാസനും കേരളത്തിലെ പോലീസ് സേനയുടെ പ്രവർത്തനത്തെ അഭിനന്ദിക്കുകയാണ്.
കൊവിഡ് പ്രവർത്തനങ്ങളെ കുറിച്ച് കൊച്ചി സിറ്റി പോലീസ് ഒരുക്കിയ നിർഭയം എന്ന വീഡിയോ ആണ് കമൽ ഹാസൻ പങ്കുവെച്ചു അഭിനന്ദനം അറിയിച്ചത്.
ഡി ജി പി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയായിരുന്നു നിർഭയം എന്ന വീഡിയോ പോലീസ് സേന ഒരുക്കിയത്. സമൂഹമാധ്യമങ്ങളിൽ ഈ മ്യൂസിക് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
‘ഗംഭീരം, കാക്കിയണിഞ്ഞ ആളാണ് പാട്ടുപാടുന്നതെന്നത് കൂടുതൽ സന്തോഷം നൽകുന്നത്..ഇത്തരം ആശയങ്ങൾ മുന്നോട്ട് വെച്ച പോലീസ് സേനയിലെ ഉന്നതരെ ഞാൻ അഭിനന്ദിക്കുന്നു. എന്റെ സല്യൂട്ട്’. കമൽ ഹാസൻ ട്വിറ്ററിൽ കുറിക്കുന്നു.
കമൽഹാസന് നന്ദി അറിയിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കമൽഹാസന് കത്തയച്ചു. ഈ കത്ത് മക്കൾ നീതി മയ്യത്തിന്റെ ഔദ്യോഗിക പേജിൽ കമൽ ഹാസൻ പങ്കുവെച്ചിട്ടുണ്ട്.