കൊവിഡ് ബോധവല്‍ക്കരണത്തിനൊപ്പം ഗാനമേളയും; ഐ ജിയുടെ പാട്ട് ഹിറ്റ്: കാക്കിക്കുള്ളിലെ കലാകാരനെ വാഴ്ത്തി സോഷ്യല്‍മീഡിയ
കൊവിഡ് 19 എന്ന മഹാമാരിക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെപ്പോലെ തന്നെ നിസ്തുലമായ പങ്കാണ് കേരളാ പൊലീസും വഹിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് പുറത്തിറങ്ങുന്നവരെ വീട്ടില്‍ കയറ്റാനും, സാമൂഹിക അകലം ഉറപ്പാക്കാനും ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കാനുമെല്ലാം പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നില്‍ത്തന്നെയുണ്ട്. സ്വന്തം ആരോഗ്യം പോലും മറന്നാണ് ഇവര്‍ ജനന്മയ്ക്കായി പ്രയത്നിക്കുന്നത്.
കൊവിഡ് ബോധവല്‍ക്കരണത്തിനൊപ്പം ജനങ്ങളുടെ വിരസതയകറ്റാന്‍ പാട്ടുപാടിയ ഐ ജി ശ്രീജിത്ത് ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പൊലീസ് ഉന്നത ഉദ്യോഗസ്ഥന്റെ പാട്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഐ ജി ശ്രീജിത്തിന്റെ ഗാനാലാപനത്തിന് മികച്ച അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിയ്ക്കുന്നതും.
Read more: നടന ഭാവങ്ങളില്‍ ശോഭന; ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുജോലികള്‍ക്കൊപ്പവും നൃത്തം പരിശീലിക്കാം
മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിത്യ സുന്ദരഗാനമായ സംഗീതമേ അമരസല്ലാപമേ… എന്ന പാട്ടാണ് ഐ ജി ശ്രീജിത്ത് ആലപിച്ചത്. സര്‍ഗം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ബോംബെ രവി സംഗീതം പകര്‍ന്നിരിക്കുന്നു. മലയാളത്തിന്റെ ഗാനഗന്ധര്വ്വന് കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.