പുതുക്കാറായ ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റ് കാലാവധി നീട്ടി

April 1, 2020

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രതേക ഇളവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇതുപ്രകാരം പുതുക്കാറായ ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റുകള്‍ എന്നിവയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 1988 ലെ മോട്ടോര്‍ വാഹന നിയമവും 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.

മാര്‍ച്ച് 31നു മുന്‍പ് രജിസ്‌ട്രേഷനായി സമര്‍പ്പിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 30 വരെയും സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയവ പുതുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ നല്‍കേണ്ടതില്ല. കൈയിലുള്ള രേഖയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കാം. പ്രത്യേക പിഴ ഈടാക്കുകയുമില്ല.

അതേസമയം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബിഎസ്4 വാഹനങ്ങളുടെ വില്‍പനയ്ക്കും അധികസമയം അനുവദിച്ചിരുന്നു. ലോക്ക് ഡൗണിന് ശേഷമുള്ള ദിവസങ്ങളില്‍ സുപ്രീം കോടി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വില്‍പന നടത്താന്‍ അനുവദിക്കുമെന്നാണ് മോട്ടോര്‍ വാഹന മകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.