lakshya

ശബ്ദത്തേക്കാൾ കണ്ണുകൾ കൊണ്ട് സംസാരിച്ച യഥാർത്ഥ കലാകാരൻ.. വിട പറയാതെ യാത്രയായ അതുല്യ പ്രതിഭ ഇർഫാൻ ഖാന്റെ ഓർമകളിൽ..

April 29, 2020

സിനിമ ലോകത്തിന് നഷ്ടമായത് ഒരു സൂപ്പർ സ്റ്റാറിനെ അല്ല, ഒരു മെഗാ സ്റ്റാറിനെ അല്ല..കളക്ഷൻ റെക്കോർഡുകളിലും താര പദവികളിലും കുടുങ്ങിപോകാത്ത യഥാർത്ഥ കലാകാരനെയാണ്. ഒരുപക്ഷെ, ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും സ്വാഭാവികതയുള്ള ഒരു അഭിനയ വൈഭവത്തിന്റെ ഉടമ തന്നെയായിരുന്നു ഇർഫാൻ ഖാൻ.. ഇനിയും എന്തെല്ലാം അംഗീകാരങ്ങൾ, വേഷങ്ങൾ, വേദികൾ എല്ലാം ബാക്കിവെച്ചിട്ടാണ് അൻപത്തിമൂന്നാം വയസിൽ വളരെ നേരത്തെ തന്നെ അദ്ദേഹം യാത്രയിട്ടുള്ളത്?

ഒരു ബോളിവുഡ് താരത്തിന്റെ ആകാര സൗഷ്‌ഠവമില്ല, സൗന്ദര്യമില്ല..പക്ഷെ ബോളിവുഡ് സിനിമയെ ലോകത്തിന്റെ നിറുകയിൽ പ്രതിഷ്‌ഠിച്ച അസാമാന്യ പ്രതിഭയാണ് ഇർഫാൻ ഖാൻ. മുൻധാരണകൾ തിരുത്തി സിനിമയോടുള്ള പ്രണയവുമായി ഇർഫാൻ ഖാൻ വെള്ളിത്തിരയിലേക്ക് കടന്നെത്തുന്നത് നായകനായല്ല. നായക വേഷത്തിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയുമായിരുന്നില്ല ഇർഫാൻ ഖാൻ. ഒരു നടനെന്ന നിലയിലാണ് അദ്ദേഹം സിനിമകളെ അഭിമുഖീകരിച്ചത്, നായകനെന്ന നിലയിലല്ല. അതുകൊണ്ട് തന്നെ അന്തരാഷ്ട്ര അംഗീകാരങ്ങളുടെ നിറവിലും സഹനടനായും, വില്ലനായുമെല്ലാം ഇർഫാൻ ഖാനെ പ്രേക്ഷകർ കണ്ടു.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയപഠനമൊക്കെ പൂർത്തിയാക്കി സീരിയൽ രംഗത്താണ് ഇർഫാൻ ഖാൻ അരങ്ങേറ്റം കുറിച്ചത്. 1987 മുതലാണ് ഇർഫാൻ ക്യാമറയ്ക്ക് മുന്നിൽ നില്കുന്നത്. പഠന ശേഷം മുംബൈയിലേക്ക് എത്തിയ ഇർഫാൻ അക്കാലത്ത് ഒട്ടേറെ സീരിയലുകളിൽ ഭാഗമായി.. ചാണക്യയും ചന്ദ്രകാന്തയുമൊക്കെയാണ് അതിൽ പ്രധാനം.. സീരിയലുകളിലും വില്ലൻ വേഷമായിരുന്നു.

1988ൽ ‘സലാം ബോംബെ’ എന്ന ചിത്രത്തിലാണ് ഇർഫാൻ ആദ്യമായി അഭിനയിക്കുന്നത്, അതും വർഷങ്ങളുടെ കഠിന ശ്രമത്തിന്റെ ഫലമായി. ഇനിടയിൽ ഹിന്ദി സിനിമയിൽ മാത്രം ഒതുങ്ങി നിന്ന ഒരാളല്ല ഇർഫാൻ ഖാൻ. 2001ൽ ബ്രിട്ടീഷ് ചിത്രമായ ‘ദി വാരിയർ’ ലും ഇർഫാൻ ഖാൻ വേഷമിട്ടു. ഈ സിനിമയാണ് അന്താരാഷ്ട്ര വേദികളിൽ ഇർഫാൻ ഖാൻ ഒരു പരിചിത മുഖമായതിനു പിന്നിൽ. 2001നു മുൻപ് അദ്ദേഹം ഭാഗമായതെല്ലാം തന്നെ വിജയകരമല്ലാത്ത ചിത്രങ്ങളിൽ ആയിരുന്നു. എന്നാൽ ‘ദി വാരിയർ’ അദ്ദേഹത്തിന് വലിയ വഴിത്തിരിവായി.

2003 ൽ അശ്വിൻ കുമാർ സം‌വിധാനം ചെയ്ത ‘റോഡ് ടു ലഡാക്’ എന്ന ഹ്രസ്വ ചിത്രവും ശ്രദ്ധിക്കപെട്ടതോടെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഒരുക്കാൻ ഇർഫാൻ ഖാന് അവസരം ലഭിച്ചു. അതെ വർഷം തന്നെ അഭിനയിച്ച ‘മഖ്‌ബൂൽ’ എന്ന ചിത്രവും ഏറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു. പക്ഷെ 2005 ലാണ് ഇർഫാൻ ഖാൻ ഒരു മുഴുനീള പ്രധാന വേഷത്തിൽ എത്തുന്നത്, ‘റോഗ്’ എന്ന ചിത്രത്തിലൂടെ.

‘റോഗ്’ സത്യത്തിൽ ഇർഫാൻ ഖാന്റെ തുടക്കമായിരുന്നു.. കാരണം ശബ്ദത്തേക്കാൾ ഉച്ചത്തിൽ ഇർഫാന്റെ കണ്ണുകൾ സംസാരിക്കുന്നത് ബോളിവുഡ് തിരിച്ചറിഞ്ഞത് ആ സിനിമയിലൂടെയാണ്.

30 വർഷത്തിലേറെ നീണ്ട സിനിമ ജീവിതത്തിൽ 50 ലധികം ഇന്ത്യൻ ചിത്രങ്ങളിലും ബ്രിട്ടീഷ്, അമേരിക്കൻ ചിത്രങ്ങളിലും ഭാഗമായ ഇർഫാൻ ഖാന് ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകിയും ഇർഫാൻ ഖാനെ ആദരിച്ചു.

ദി ലഞ്ച്ബോക്സ് (2013), പിക്കു (2015), തൽവർ (2015), നോ ബെഡ് ഓഫ് റോസസ് (2017) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് തുടർച്ചയായി അദ്ദേഹം വിജയചിത്രങ്ങളുടെ ഭാഗമായത്.

ഹോളിവുഡ് ചിത്രങ്ങളായ ‘ദ അമേസിംഗ് സ്പൈഡർ മാൻ’ (2012), ‘ലൈഫ് ഓഫ് പൈ’ (2012), ‘ജുറാസിക് വേൾഡ്’ (2015), ‘ഇൻഫെർനോ (2016) എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഇർഫാൻ കാഴ്ചവെച്ചത്.

‘ഹിന്ദി മീഡിയം’ (2017) എന്ന സിനിമയിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് അദ്ദേഹം നേടി. ആ ചിത്രത്തിന്റെ തുടർച്ചയായ ആംഗ്രെസി മീഡിയത്തിൽ (2020) ആണ് ഇർഫാൻ ഖാൻ അവസാനമായി അഭിനയിച്ചത്.

2018 ൽ ആണ് തനിക്ക് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതും ആരാധകരോട് പങ്കുവെച്ചതും. രണ്ടു വർഷത്തെ പോരാട്ടത്തിനൊടുവിൽ അദ്ദേഹം യാത്രയായി, ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി..’ലൈഫ് ഓഫ് പൈ’യിലെ അദ്ദേഹത്തിന്റെ വാക്കുകൾ പോലെ വിട പറയാൻ ഒരു നിമിഷം എടുക്കാതെ യാത്ര പറഞ്ഞിരിക്കുകയാണ് ആ അമൂല്യ കലാകാരൻ..