ലോക്ക് ഡൗണ്‍ കാലത്ത് ഡ്രോണ്‍ കണ്ട കാഴ്ചകള്‍ ക്രിക്കറ്റ് കമന്ററിക്കൊപ്പം കേരളാ പൊലീസ് ട്രോള്‍ ആക്കിയപ്പോള്‍: വീഡിയോ
കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ആളുകള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണം എന്നാണ് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധിപ്പേര്‍ ലോക്ക് ഡൗണിനോട് സഹകരിച്ച് വീട്ടില്‍ തന്നെ തുടരുമ്പോഴും ചിലരുണ്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പൊതു ഇടങ്ങളില്‍ വിലസുന്നവര്‍.
കനത്ത ജാഗ്രതയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണിനോട് അനുബന്ധിച്ച് തുടരുന്നത്. സര്‍വ്വ സന്നഹാവുമായി പൊലീസ് ഉദ്യോഗസ്ഥര്‍ നിരത്തുകളിലുണ്ട്, അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെ വീട്ടിനുള്ളില്‍ കയറ്റാന്‍. സ്വന്തം ആരോഗ്യം പോലും മറന്ന് പൊതുജനങ്ങള്‍ക്കായി സേവനം ചെയ്യുമ്പോഴും പൊലീസിന്റെ കണ്ണുവെട്ടിച്ച് പൊതുഇടങ്ങളില്‍ പലരും ഇറങ്ങുന്നു. ഇത്തരക്കാരെ പിടികൂടാനാണ് ഡ്രോണിന്റെ സഹായം കേരളാ പൊലീസ് തേടിയത്.
ലോക്ക് ഡൗണ്‍ കാലത്തെ ഡ്രോണ്‍ കാഴ്ചകള്‍ ഒരു ട്രോള്‍ ആക്കി ഔദ്യോഗിക ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് കേരളാ പൊലീസ്. രവി ശാസ്ത്രിയും സുനില്‍ ഗവാസ്കറും നടത്തുന്ന ക്രിക്കറ്റ് കമന്ററിയാണ് ഈ രസികന്‍ വീഡിയോയുടെ പശ്ചാത്തല സംഗീതം.
Read more: മരണം കവര്‍ന്ന ശശി കലിംഗയുടെ മുഖം പപ്പായയില്‍; ആധരമര്‍പ്പിച്ച് ഡാവിഞ്ചി സുരേഷ്
ഡ്രോണ്‍ തലയ്ക്ക് മുകളില്‍ പറക്കുമ്പോള്‍ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പലരും. പറമ്പില്‍ പന്ത് കളിക്കുന്ന കുട്ടികളും പാടത്ത് നടക്കുന്നവരും കടല്ക്കരയില് കാറ്റുകൊള്ളാന്‍ ഇരിക്കുന്നവരുമെല്ലാം ഓടുന്നത് വീഡിയോയില്‍ കാണാം. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു കൊറോണക്കാലത്തെ ഈ ഡ്രോണ്‍ കാഴ്ചകള്‍.