‘അകലെയിരിക്കും പ്രവാസി തന്നുടെ ഹൃദയത്തുടിപ്പ് കേൾപ്പൂ..’; ഹൃദയംതൊടുന്ന മനോഹര ഗാനവുമായി അഫ്സൽ
‘പിറന്ന മണ്ണിനെ സ്വപ്നം കണ്ടും
നിറഞ്ഞ കണ്ണു തുടച്ചും
അകലെയിരിക്കും പ്രവാസി തന്നുടെ
ഹൃദയതുടിപ്പ് കേൾപ്പൂ ഞങ്ങൾ ഇവിടെയിരുന്നത് കേൾപ്പൂ…’
സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുകയാണ് ഈ ഗാനം. മലയാളികളുടെ പ്രിയഗായകൻ അഫ്സലിന്റെ ആലാപനത്തിൽ ഒരുങ്ങിയ ഗാനം നാടിനും വീടിനും വേണ്ടി ജീവിതം മാറ്റിവെച്ച പ്രവാസികൾക്ക് വേണ്ടിയുള്ളതാണ്. ചലച്ചിത്രതാരം മമ്മൂട്ടിയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയത്.
ലോകം മുഴുവൻ വ്യാപിച്ച കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ വലിയ പോരാട്ടത്തിലാണ് ലോകം. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറേണ വൈറസ് ദേശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ചുകൊണ്ട് അനേകം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു.
കൊറോണ വൈറസ് മൂലം ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ വിവിധ ഇടങ്ങളിലായുള്ള മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്.
പ്രളയകാലം ഉൾപ്പെടെയുളള കേരളത്തിന്റെ ഓരോ ദുരിതഘട്ടങ്ങളിലും കേരളക്കരയ്ക്ക് താങ്ങായി എത്തിയവരാണ് പ്രവാസികൾ. ഈ സാഹചര്യത്തിൽ കേരളക്കരയുടെ വളർച്ചയ്ക്ക് എന്നും താങ്ങായി നിന്ന പ്രവാസികൾക്ക് വേണ്ടി ഒരുക്കിയ ഗാനമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
പ്രശസ്ത ഗായകൻ അഫ്സലിന്റെ ആലാപനമാണ് വീഡിയോയുടെ മുഖ്യ ആകർഷണം. ചിറ്റൂർ ഗോപിയുടെ വരികൾക്ക് ഓർക്കസ്ട്രേഷൻ ഒരുക്കിയിരിക്കുന്നത് യാസിർ അഷ്റഫാണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് യൂസഫ് ലെൻസ്മാൻ ആണ്. ”കേരളത്തിന്റെ ദുരിതകാലങ്ങളിൽ ശക്തി പകരുന്ന പ്രവാസികൾ ഈ കൊറോണക്കാലത്ത് ഏറെ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിയ്ക്കുന്ന പ്രവാസികൾക്ക് ശക്തി കൊടുക്കുന്നതിനായി ഒരുക്കിയതാണ് ഈ ഗാനം” ഗായകൻ അഫ്സൽ ഫ്ളവേഴ്സ് ഓൺലൈനോട് പറഞ്ഞു.