കുട്ടികളെ പഠിപ്പിക്കാൻ മരം കയറി അധ്യാപകൻ; അഭിനന്ദിച്ച് സൈബർ ലോകം
ലോക്ക് ഡൗണിൽ കുട്ടികളെ പഠിപ്പിക്കാൻ വ്യത്യസ്ത മാർഗം തേടിയിരിക്കുകയാണ് ഒരു അധ്യാപകൻ. പശ്ചിമ ബംഗാള്‍ ബങ്കുര ജില്ലയിലെ അഹന്‍ഡ ഗ്രാമത്തിലുള്ള ചരിത്രാധ്യാപകനായ സുബ്രത പാടിയാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതായി മരത്തിൽ കയറുന്നത്. ഓൺലൈനായി കുട്ടികൾക്ക് ക്ലാസ്സ് എടുക്കുകയാണ് സുബ്രത.
ക്ലാസ് എടുക്കുന്നതിനാവശ്യമായ റേഞ്ച് ലഭിക്കാത്തതിനെത്തുടർന്നാണ് സുബ്രത മരത്തിൽ കയറുന്നത്. ദിവസവും മരത്തിൽ കയറി ഇരുന്നാണ് സുബ്രത ക്ലാസ് എടുക്കുന്നത്. ഇരുന്ന് ക്ലാസ് എടുക്കുന്നതിനായി മരത്തിൽത്തന്നെ ഒരു ഇരിപ്പിടവും സുബ്രത തയാറാക്കിയിട്ടുണ്ട്. മുള ഉപയോഗിച്ചാണ് സുബ്രത മരത്തിൽ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. പലപ്പോഴും കനത്ത ചൂടും വെയിലുമൊക്കെ സഹിച്ചാണ് സുബ്രതയുടെ അധ്യാപനം.
കൊല്‍ക്കത്തയിലെ അഡമാസ് യൂണിവേഴ്സിറ്റിയിലെയും റൈസ് എജ്യുക്കേഷനിലെയും ഹിസ്റ്ററി അധ്യാപകനാണ് സുബ്രത. സമൂഹമാധ്യമങ്ങളിൽ ഈ അധ്യാപകനെക്കുറിച്ചുള്ള വാർത്തകൾ വൈറലായതോടെ നിരവധി ആളുകളാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായി എത്തുന്നത്.