പറഞ്ഞു തീരാത്ത കഥകളുടെ ഓര്‍മ്മകളില്‍ നിഗൂഢതകള്‍ നിറച്ച് ‘തുടരെ’- ഹ്രസ്വചിത്രം

April 14, 2020

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയെക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം. സിനിമകള്‍ക്ക് ഇടയില്‍ മാത്രമല്ല, ഹ്രസ്വചിത്രങ്ങള്‍ക്ക് ഇടയിലും സസ്‌പെന്‍സ് ത്രില്ലറുകള്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചേറെയായി.

ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന തുടരെ എന്ന ഷോര്‍ട്ട് ഫിലിം. ഓരോ ജീവിതത്തിലും പറഞ്ഞും കേട്ടും തീരാത്ത കഥകള്‍ ഉണ്ടെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ കുഞ്ഞു ചിത്രം. തുടക്കം മുതലുള്ള സസ്‌പെന്‍സ് എലമെന്റ് ഹ്രസ്വചിത്രത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ദൃശ്യമികവിലും ചിത്രം മികച്ചുനില്‍ക്കുന്നുണ്ട്.

അഖില്‍ വി മേനോന്‍ ആണ് തുടരെ എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിന്റെ ആദ്യഭാഗമാണ് പുറത്തെത്തിയിരിക്കുന്നത്. ജിതിന്‍ ജി, പാര്‍വതി അരുണ്‍, മിഥുന്‍ എസ്, ഓട്രി മിറിയം ഹേണസ്റ്റ്, ബോസ് വിദ്യാധര്‍, ഗായത്രി എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.