ലോക്ക് ഡൗൺ കാലത്ത് ചുവരിൽ വർണ്ണവിസ്‌മയം തീർത്ത് ഒരു കലാകാരി; വീഡിയോ
ചാലിച്ച നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് വെള്ള ചായം പൂശിയ ചുവരികളിലൂടെ ചലിപ്പിക്കുമ്പോൾ പുതിയവർണ്ണങ്ങളും രൂപങ്ങളും വിരിയുന്നു…നിറങ്ങൾ കലർന്ന ബ്രഷ് ചുവരിലൂടെ വേഗത്തിൽ പായിച്ച് പുതിയ സൃഷ്ടിക്ക് ജന്മം നൽകുകയാണ് ഒരു കൊച്ചുകലാകാരി…
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടിന്റെ ചുമരിൽ വർണ്ണ വിസ്മയം തീർക്കുകയാണ് കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി നക്ഷത്ര സുഭാഷ്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനാൽ ക്യാൻവാസുകൾ ലഭ്യമാകാതെ വന്നതോടെ വീടിന്റെ ചുവരുകളെ തന്റെ ചിത്രങ്ങൾക്കുള്ള ക്യാൻവാസാക്കി മാറ്റി നക്ഷത്ര.
പ്രൊവിഡൻസ് വിമൻസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ നക്ഷത്ര ചെറുപ്പം മുതലേ ചിത്രരചനയിലും പ്രാവീണ്യം തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തെ നക്ഷത്രയുടെ ചിത്രങ്ങളാണ് ഏറെ ജനശ്രദ്ധ ആകർഷിക്കുന്നത്.
ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും വീടുകളില്‍ തന്നെ കഴിയുകയാണ്. വീട്ടിലിരിപ്പ് മടുത്ത് തുടങ്ങിയവര്‍ തങ്ങളുടെ സര്‍ഗവാസനകൾ വളര്‍ത്താന്‍ ഉള്ള ശ്രമങ്ങളും നടത്തുന്നു. ഈ അടച്ചുപൂട്ടൽ കാലത്ത് സമൂഹമാധ്യമങ്ങൾ നിരവധി കലാകാരന്മാരെ നമുക്ക് സമ്മാനിച്ചുകഴിഞ്ഞു.
മുതിർന്നവരും കുട്ടികളുമടക്കം ഒരുപാട് പേരുടെ കലാവാസനകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. അതിനൊപ്പം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി കഴിഞ്ഞു നക്ഷത്രയുടെ മനോഹരമായ ചിത്രങ്ങൾ. നക്ഷത്ര വർണ്ണങ്ങൾ എന്ന പേരിലാണ് ഈ കലാകാരി ചിത്രങ്ങൾ വരയ്ക്കുന്നത്.
Story Highlights: Nakshathra subhash wall painting