വിവാഹവാര്‍ഷിക ദിനത്തില്‍ പാട്ടുകൊണ്ട് ഭാര്യ വരദയ്ക്ക് സമ്മാനമൊരുക്കി ബാലചന്ദ്രമേനോന്‍

May 12, 2020

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും പുതുമ നിറഞ്ഞ രചനാവൈഭവം കൊണ്ടും ആസ്വാദകഹൃദയങ്ങളില്‍ ഇടം നേടിയതാണ് ബാലചന്ദ്രമേനോന്‍. ബാലചന്ദ്രമേനോന്റെയും ഭാര്യ വരദയുടേയും വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്. ഭാര്യയ്ക്ക് പാട്ടുകൊണ്ട് ഒരു സമ്മാനമൊരുക്കിയിരിക്കുകയാണ് താരം. ബാലചന്ദ്രമേനോന്റെ പാട്ടും പാട്ടിനൊപ്പമുള്ള കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ഇന്ദ്രവല്ലരി… എന്ന ഗാനമാണ് ഭാര്യയ്ക്ക് വേണ്ടി ബാലചന്ദ്രമേനോന്‍ പാടിയത്.

ബാലചന്ദ്രമേനോന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് മെയ് 12… ഈ ദിവസത്തിനു ഏതെങ്കിലും പുണ്യാത്മാവിന്റെ ജനനം കൊണ്ടോ അടിച്ചമര്‍ത്തപ്പെട്ട ഏതെങ്കിലും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ നാളെന്ന പ്രാമുഖ്യമുണ്ടോ എന്നെനിക്കറിയില്ലാ. എന്നാല്‍ വെറും 27 കാരനായ എന്റെ സര്‍വതന്ത്ര സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിട്ട പുണ്യ ദിനമാണിത്. അതെ …ഇന്ന് എന്റെ, എന്റെ മാത്രമല്ല വരദയുടെയും വിവാഹ വാര്‍ഷികമാണ്.

തുറന്നു പറയട്ടെ, ഞങ്ങള്‍ ഞങ്ങളായിട്ടു ഇന്ന് വരെ വിവാഹവാര്‍ഷികം ഒരു അരങ്ങില്‍ ആഘോഷിച്ചിട്ടില്ല. എന്നാല്‍, ലാല്‍ ജോസിന്റെ. ‘ക്ലാസ്സ്മേറ്റ്‌സ്’ എന്ന ചിത്രത്തിന്റ ഷൂട്ടിങ് ലൊക്കേഷനില്‍ കോട്ടയത്തു പൃഥ്വിരാജ്, ഇന്ദ്രജിത്, കാവ്യാമാധവന്‍, ജഗതി ശ്രീകുമാര്‍, നരേന്‍, രാജീവ് രവി, ശോഭ ഏവരും ചേര്‍ന്ന് അതൊരു സംഭവമാക്കി. പിന്നീട് ഏപ്രില്‍ 18 എന്ന ചിത്രത്തിന് വേണ്ടി ചെന്നൈയില്‍ വെച്ച് സിനിമ എക്‌സ്പ്രസ്സ് അവാര്‍ഡ് എനിക്ക് സമ്മാനിച്ചത് ഭാഗ്യരാജ് -പൂര്‍ണ്ണിമ ദമ്പദികളായിരുന്നു. ആ മെയ് 12 അവര്‍ ഒരു ‘ഈവന്റ് ‘ ആക്കിയെടുത്തു. ഇതൊഴിച്ചാല്‍ എല്ലാ മെയ് 12 നും ലോകത്തെവിടെയാണെകിലും ഒരുമിച്ചു ഇരിക്കും എന്നത് ഞങ്ങള്‍ രണ്ടു പേരും കൃത്യമായി പാലിച്ചിട്ടുണ്ട്.

ഞാന്‍ ഒരു നല്ല ഭര്‍ത്താവിനേക്കാള്‍ നല്ല അച്ഛനാണെന്നു വരദ ചിലയിടത്ത് കുശുമ്പ് പറയാറുണ്ട്. എന്റെ രണ്ടു മക്കളും, അഖിലും ഭാവനയും, അത് മുഖവിലക്കെടുത്തിട്ടു പോലുമില്ല. (കാരണം മക്കള്‍ക്കറിയാം അത് അവരുടെ അമ്മയുടെ ഒരു നമ്പര്‍ ആണെന്ന്) എന്തിനധികം പറയുന്നു? എന്റെ മക്കളുടെ പിറന്നാളുകള്‍ ഞാന്‍ വരദയെപ്പോലെ ഓര്‍ത്ത് വെക്കാറില്ല. എന്നാല്‍ മെയ് 12 എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ സ്വകാര്യതയുടെ ദിനമാണ്. എന്നോടൊപ്പം താമസിച്ചിരുന്ന അച്ഛനമ്മമാര്‍, വരദയുടെ ‘അമ്മ ഇന്ദിര ആര്‍ മേനോന്‍ വരദയുടെ ആങ്ങള സേതുനാഥ് അതിനപ്പുറം ഗസ്റ്റ് ലിസ്റ്റില്ല (അതില്‍ പലരും ഓര്‍മ്മകളായി) കൊവിഡ് കാലമായതുകൊണ്ടു ആഘോഷം ‘ഗ്രീന്‍ ഹില്‍സി’ ലാക്കി. എന്തായാലും രാത്രി ഭക്ഷണം മെനു തയ്യാറാക്കിയത് ഞാനാണ്. (ഉണ്ടാക്കേണ്ടത്, സംശയമെന്താ, വരദയും) ചൂട് കഞ്ഞി, പുളിശ്ശേരി, ചെറുപയര്‍ കൊണ്ടൊരു പുഴുക്ക്, അസ്സല്‍ മാങ്ങാ ചമ്മന്തി, പാവയ്ക്കാ കൊണ്ടാട്ടം. (വായില്‍ വെള്ളമൂറിയോ ആവൊ !)

എന്റെ ഭാര്യക്ക് ഒരു കൊഴപ്പമുണ്ട്. പൊതു ജനത്തിന്റെ മുന്നില്‍ ഞങ്ങളുടെ ദാമ്പത്യം വിളമ്പാന്‍ പാടില്ല, അവളുടെ ‘പ്ലസ് പോയ്ന്റ്‌സ് ‘ഞാനായിട്ട് എഴുന്നെള്ളിക്കാന്‍ പാടില്ല, ഒരു സത്യം ഇനി പറയാം. കല്യാണം കഴിഞ്ഞു ഇന്നിത് വരെ ഞാന്‍ അവള്‍ക്കു ഈ ദിനത്തില്‍ ഒരു സമ്മാനം നല്‍കിയിട്ടില്ല. അതിനു ഞാന്‍ തയ്യാറായാല്‍ ഉടക്കും ‘അതൊന്നും വേണ്ട… എനിക്കെല്ലാം ഉണ്ടല്ലോ..’ എന്നാല്‍ പുറം രാജ്യങ്ങളില്‍ പോയാല്‍ വരദ യാണ് ഷോപ്പിംഗ് എക്‌സിക്യൂട്ടീവ്. എന്റെ കര്‍ചീഫ് വരെ അവളുടെ സെക്ഷന്‍ ആണ് .
ക്ലൈമാക്‌സ് ദാ വരുന്നു …

ഇത്തവണ ഞാന്‍ തീരുമാനിച്ചു, ഈ വിവാഹ വാര്‍ഷികത്തിന് എന്റേത് മാത്രമായ ഒരു സമ്മാനം ഞാന്‍ അവളറിയാതെ കരുതി.
(അതിലാണല്ലോ ഒരു ത്രില്ല്..), സോപ്പ് ചീപ് മുതലായവ വര്‍ജിക്കുമെന്നത് കൊണ്ട് ഞാന്‍ വരദക്കായി ഒരു പാട്ടു തയ്യാറാക്കി. ഈ പാട്ടിനും ഒരു പ്രത്യേകതയുണ്ട്. വിവാഹിതരായതിനു ശേഷം വരദ ഒരു ഭാര്യയുടെ ‘ഫുള്‍ പവറില്‍ ‘ ഇരുന്നു കേട്ട പാട്ടാണിത്. പാട്ടു പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ വന്ന ആദ്യ കമന്റ്
‘ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല —‘ അതു ഏതു അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നു ഞാന്‍ ഇനിയും തീരുമാനിച്ചിട്ടില്ല …
എന്റെ ഫേസ് ബുക്ക് മിത്രങ്ങള്‍ കേള്‍ക്കുക.. എന്നിട്ടു പറയൂ ‘നിക്കണോ പോണോ ?’

അതേസമയം മലയാളികള്‍ക്ക് യുട്യൂബിലൂടെ ആസ്വാനത്തിന്റെ പുതിയ ഭാവങ്ങള്‍ സമ്മാനിക്കുകയാണ് ‘filmy Fridays’ എന്ന പരിപാടിയിലൂടെ താരം. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച് അപഹരിക്കപ്പെടാത്ത പച്ചയായ ജീവിതാനുഭവങ്ങളുടെ അവതരണമാണ് ഈ പരിപാടിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ബാലചന്ദ്രമേനോന്റെ കോടമ്പാക്ക അനുഭവങ്ങള്‍ ആസ്പദമാക്കിയുള്ള വിഷ്വല്‍ നോവനാലായ ‘filmy Fridays’ SEASON 2 എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് ഏഴ് മണിക്ക് പ്രേക്ഷകരിലേയക്ക് എത്തുന്നു.

Story Highlights: Balachandra Menon Facebook post on his wedding anniversary