കോടമ്പാക്കത്തെ മുറിയിലേക്ക് മുൻധാരണകൾ മാറ്റിമറിച്ചെത്തിയ ആദ്യ റൂംമേറ്റ്- അനുഭവങ്ങളുമായി ബാലചന്ദ്രമേനോൻ “filmy Fridays”ൽ

May 2, 2020

ഒരു രാത്രി കൊണ്ട് സിനിമയിൽ ഇടംനേടിയ ഒരാളല്ല ബാലചന്ദ്ര മേനോൻ. ഒട്ടേറെ പ്രതിസന്ധികളിലൂടെയും, വിചിത്രവും കൗതുകം നിറഞ്ഞതുമായ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് അദ്ദേഹം വെള്ളിത്തിരയുടെ അരങ്ങിലും അണിയറയിലും സജീവമായത്. തുടക്കത്തിൽ നേരിട്ട വെല്ലുവിളികളും കടന്നുപോയ രസകരമായ മുഹൂർത്തങ്ങളുമാണ് ഫിലിമി ഫ്രൈഡേയ്സിലൂടെ ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്.

കോടമ്പാക്കം വിശേഷങ്ങളിൽ ഈ വെള്ളിയാഴ്ച പങ്കുവെച്ചത് അന്യദേശത്ത് അപ്രതീക്ഷിതമായി കിട്ടിയ റൂം മേറ്റിനെ കുറിച്ചാണ്. 250 രൂപ വരുമാനത്തിൽ കോടമ്പാക്കത്ത് തനിച്ച് താമസിക്കുന്ന സമയത്ത് ചിലവ് പങ്കുവയ്ക്കാൻ മറ്റൊരാളെ കൂടി ഉൾക്കൊള്ളിക്കാൻ അദ്ദേഹം നിർബന്ധിതനാകുകയാണ്. അന്നുവരെ വീടിന്റെ സുരക്ഷിതത്വത്തിൽ തനിക്ക് മാത്രമെന്നും, തന്റേതെന്നുമുള്ള നിർബന്ധത്തിൽ കഴിഞ്ഞിരുന്നയാൾ ജീവിതയാത്രയിൽ ഇന്ന് മറ്റൊരാളുടെ ആശ്രയത്തിൽ കഴിയാതായ അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്.

ചിലവ് പങ്കിടാൻ കടന്നുവന്നയാൾ ഒരുതരത്തിൽ ബാലചന്ദ്ര മേനോന്റെ മുൻധാരണകളെ മാറ്റിമറിക്കുകയാണ്. വളരെ വ്യത്യസ്തവും മുൻപ് കണ്ടിട്ടില്ലാത്ത രീതികളുമായി കടന്നു വന്ന ആ റൂം മേറ്റ് ആണ് കോടമ്പാക്കം വിശേഷത്തിൽ ഇത്തവണ നിറഞ്ഞു നില്കുന്നത്. “ഇതിന്റെ  ഒക്കെ  വല്ല  ആവശ്യമുണ്ടായിരുന്നോ  മേനോനെ ? “എന്ന് തോന്നിച്ച ഒരു അനുഭവമാണ് ബാലചന്ദ്ര മേനോനെ സംബന്ധിച്ച് ഈ റൂം മേറ്റ്. മറ്റൊരു തലത്തിലേക്ക് തിരിയുന്ന ജീവിതാനുഭവത്തിന്റെ വിശേഷങ്ങൾക്ക് തുടക്കമിട്ട് ബാലചന്ദ്ര മേനോന്റെ കോടമ്പാക്കം വീട്ടിലെ വാതിലിൽ രാത്രിയിലെത്തിയ അതിഥിയുടെ കടന്നുവരവോടെയാണ് ഈ ആഴ്ചയിലെ വിശേഷങ്ങൾ അവസാനിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലുമാണ് അനുഭവകഥകൾ പങ്കുവെച്ച് “filmy Fridays” SEASON 2മായി ബാല ചന്ദ്രമേനോൻ എത്തുന്നത്.