എന്നെ ഒന്നു കൂടി പരുഷമായി നോക്കി അവൾ പറഞ്ഞു,’ചന്ദ്രേട്ടൻ ഓന്താണ്’- വിവാഹ വാർഷിക കുറിപ്പുമായി ബാലചന്ദ്ര മേനോൻ

May 12, 2022

മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും ഒപ്പം കഴിവുറ്റ നായികമാരെയും സമ്മാനിച്ച പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. ബാലചന്ദ്ര മേനോന്റെ കയ്യൊപ്പ് പതിഞ്ഞ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘എന്നാലും ശരത്’ കുടുംബചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്യാംപസ് കഥ പറയുന്ന ചിത്രമായിരുന്നു ‘എന്നാലും ശരത്’. ബാലചന്ദ്ര മേനോൻ സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രമായിരുന്നു ഇത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ബാലചന്ദ്ര മേനോൻ ഇപ്പോഴിതാ, വിവാഹവാര്ഷിക ദിനത്തിൽ രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

ബാലചന്ദ്ര മേനോന്റെ കുറിപ്പ്;

ഇന്ന് മെയ് 12 ….
വേൾഡ് ഹൈപ്പർ ടെൻഷൻ ഡേ ആണത്രെ ! കോളേജ് ഫലിതങ്ങളിൽ ഒന്ന് , ബിപി ഉണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ അർത്ഥം ‘ഭാര്യയെ പേടി’ എന്നാണ് …..പിന്നെ …ഇന്ന് മെയ് 12 .
ഇന്റർനാഷണൽ നഴ്‌സസ് ഡേ ആണത്രെ !ഒരു നല്ല ഭാര്യ ഒരു നല്ല നേഴ്സ് ആയിരിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ തെറ്റുന്നു പറയാനാവില്ല. തീർന്നില്ല ..ഇന്ന് മെയ് 12 …എന്റെ ,സോറി , ഞങ്ങളുടെ വിവാഹ വാർഷികം ആണത്രെ !

എത്രാമത്തെയാണെന്നോ, അതറിഞ്ഞു സുഖിക്കണ്ട …പതിറ്റാണ്ടുകൾ താണ്ടിയിരിക്കുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി . ഞാൻ ഭാര്യയെ പേടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ; ഉണ്ടെങ്കിലും ഞാൻ സമ്മതിച്ചു തരില്ല . കാരണം ഞാൻ പുരുഷനാണ് …

വരദ നഴ്‌സിനെ പോലെയാണോ എന്ന് ചോദിച്ചാൽ, ആവശ്യം വന്നാൽ നേഴ്സ് തോറ്റു പോകും എന്ന് കെട്ടിയോനായ ഞാൻ പറയുന്നത് ഭാര്യയെ പേടിച്ചിട്ടാണ് എന്ന് കരുത്താതിരിക്കുക … ഇതുവരെയുള്ള ദാമ്പത്യ ബന്ധം ഒന്ന് വിലയിരുത്തിയാൽ പണ്ട് കാരണവന്മാർ പറഞ്ഞിട്ടുള്ളത് പോലെ ‘ചട്ടീം കലവുമൊക്കെ പോലെ തട്ടീം മുട്ടീം അങ്ങ് പോകുന്നു എന്ന് പറയാം…

ഒന്ന് പറഞ്ഞെ പറ്റൂ ..പുതു വസ്ത്രങ്ങൾ അണിയാനും സെൽഫി എടുക്കാനും ഒക്കെ എളുപ്പമാ . പക്ഷെ ഒരു വിവാഹ ബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാൽ ‘കാര്യം നിസ്സാരമല്ല , പ്രശ്‌നം ഗുരുതരം തന്നെയാണ് …’ (ഈ പ്രയോഗങ്ങൾ എങ്ങോ കേട്ടതുപോലെ , അല്ലെ ?) ഞാനും ഭാര്യയും പുതു വസ്ത്രങ്ങൾ അണിഞ്ഞു പുഞ്ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ കണ്ട ഒരു പത്ര പ്രവർത്തകൻ പണ്ടെങ്ങോ വരദയോട് ഒരു ചോദ്യം ചോദിച്ചു :
“മാഡം നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ് ?’ വരദ രൂക്ഷമായി എന്നെ നോക്കി . ഞാൻ വിഷമിച്ചു . എന്തെന്നാൽ …കഴിഞ്ഞു പോയ രാത്രിയിൽ ഏതോ ‘കച്ചട ‘ കാര്യത്തിന്റെ പേരിൽ കുടുംബ കോടതിയിൽ വെച്ചു കാണാം എന്ന് ഞാൻ പറഞ്ഞത് എനിക്ക് ഓർമ്മ വന്നു …എന്നാൽ വരദയുടെ മറുപടി കലക്കി .

എന്നെ ഒന്നു കൂടി പരുഷമായി നോക്കി അവൾ പറഞ്ഞു …”അത് …ചന്ദ്രേട്ടൻ ഓന്താണ് ….”
ഇപ്പോൾ ഞാൻ അവളെ പരുഷമായി നോക്കി . അപ്രിയ സത്യങ്ങൾ പറയരുത് എന്ന് മാതാ അമൃതാനന്ദ മയി പറഞ്ഞത് ഇവൾ മറന്നു പോയോ ?”ഓന്തായ ചന്ദ്രേട്ടൻ മിനിട്ടിനു മിനിട്ടിനു നിറം മാറിക്കൊണ്ടിരിക്കും …”അയ്യോ ..എന്തു കഷ്ടമാണ് ‘ പത്രക്കാരൻ എരിതീയിൽ എണ്ണ ഒഴിച്ചു കൊടുത്തു …പത്രക്കാരന്റെ തനി ഗുണം …


“അതു കൊണ്ടു എനിക്കു കൊഴപ്പമില്ല …’ചിരിച്ചുകൊണ്ട് വരദ തുടർന്നു .. “കാരണം , ഞാൻ അരണയാണ് ….എല്ലാം അപ്പപ്പം മറക്കും …എന്നിട്ടു സെൽഫി എടുക്കും …”.
വിവാഹം കഴിച്ചു അനുഭവിക്കുന്നവർക്കും , കഴിച്ചു അനുഭവിക്കാൻ പോകുന്നവർക്കും എന്നും ഈ ‘ഓറ്റമൂലി ‘ ഞങ്ങൾ സധൈര്യം ശുപാർശ ചെയ്യുന്നു ….വിവാഹിതരെ ഇതിലെ ….(പണ്ടാരം …ഇതും എവിടെയോ കേട്ടിട്ടുണ്ടല്ലോ …ആ …പോട്ട് ) എന്താ ചേട്ടൻ ചോദിച്ചത് ? എത്രാമത്തെ വാർഷികമാണെന്നോ ?

Read Also: ബഹിരാകാശത്തുനിന്നുമൊരു ടിക് ടോക്ക് വിഡിയോ- ചരിത്രമെഴുതി സാമന്ത


കൊച്ചു കള്ളാ …അവിടെ തന്നെ നിൽക്കുകയാ അല്ലെ ? അതിനുത്തരം അടുത്താത്ത വിവാഹ വാർഷികത്തിൽ വെളിപ്പെടുത്താം …”ഇത് കുറുപ്പിന്റെ ഉറപ്പായി പോകുമോ ?” എന്നാണു ചോദ്യം ( ..ശ്ശെടാ ..കുറുപ്പെന്നും എവിടെയോ കേട്ടിട്ടുണ്ടല്ലോ …ആ പോട്ട് ..) ഒരു കാര്യം കൂടി പറഞ്ഞോട്ടെ …വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നതാണ് ..അത് കൊണ്ട് തന്നെ അതിനെ സ്വർഗ്ഗീയമായി സൂക്ഷിക്കുക മാലോകരെ !…

Story highlights- balachandra menon about wedding anniversary