വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് ജഗതി…

September 13, 2022

പകരം വയ്ക്കാനാവാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. മികച്ച ഒട്ടേറെ സിനിമകളിലെ വിസ്‌മയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സുകളിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തിട്ടുണ്ട് അദ്ദേഹം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ.

ഇന്നാണ് ജഗതിയുടെ നാൽപത്തിമൂന്നാം വിവാഹ വാർഷികദിനം. അദ്ദേഹത്തിനൊപ്പം താങ്ങും തണലുമായി നിന്ന പ്രിയ പത്‌നി ശോഭയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ജഗതി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ചിരിച്ചു കൊണ്ട് നടക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നടന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെയ്ക്കപ്പെട്ടിട്ടുള്ളത്. ‘ഒരുമിച്ചുള്ള യാത്ര തുടങ്ങി ഇന്ന് 43 വർഷം’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം കഴിഞ്ഞ ദിവസം ജഗതിക്ക് ഓണക്കോടിയുമായി നടൻ സുരേഷ് ഗോപി എത്തിയ വാർത്ത വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്. അതോടൊപ്പം ജഗതിയെ പറ്റി രമേശ് പുതിയമഠം എഴുതിയ ‘ജഗതി എന്ന അഭിനയ വിസ്‍മയം’ എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും ഈ വേളയിൽ സുരേഷ് ഗോപി നിര്‍വ്വഹിച്ചു. സുരേഷ് ഗോപി ജഗതിയുടെ വീട് സന്ദർശിച്ചതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്.

Read More: ജഗതിക്ക് ഓണക്കോടിയുമായി സുരേഷ് ഗോപി; ഒപ്പം പുസ്‌തക പ്രകാശനവും-വിഡിയോ

മികച്ച ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് സുരേഷ് ഗോപിയും ജഗതി ശ്രീകുമാറും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുകയാണ് ഇരു താരങ്ങളും. വരനെ ആവശ്യമുണ്ട്, പാപ്പൻ എന്നീ ചിത്രങ്ങളുടെ വലിയ വിജയത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചു വരുമ്പോൾ സിബിഐ 5 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ജഗതി ശ്രീകുമാറും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Story Highlights: Jagathy shares old picture with wife on anniversary day