കൊറോണ വൈറസ് പശ്ചാത്തലത്തിൽ ആദ്യ ചിത്രവുമായി രാം ഗോപാൽ വർമ്മ- ശ്രദ്ധേയമായി ട്രെയ്‌ലർ

May 28, 2020

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംവിധായകൻ രാം ഗോപാൽ വർമ്മ നിർമിച്ച ചിത്രമാണ് ‘കൊറോണ വൈറസ്’. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ തന്നെ ഒരുക്കിയ ചിത്രമെന്നാണ് റാം ഗോപാൽ വർമ്മ അവകാശപ്പെടുന്നത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്.

Read More:സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 40 പേര്‍ക്ക്

ലോക്ക് ഡൗൺ സമയത്ത് ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ‘കൊറോണ വൈറസ്’ പങ്കുവയ്ക്കുന്നത്. തെലുങ്ക് ഭാഷയിലാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ‘ഞങ്ങൾ ‘കൊറോണ വൈറസ്’ ഫിലിം ലോക്ക് ഡൗൺ കാലയളവിൽ ചിത്രീകരിച്ചതാണ്. മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചിരിക്കുന്നു’ രാം ഗോപാൽ വർമ്മ കുറിക്കുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽ കഴിയുന്ന ഒരു കുടുംബത്തിലെ അംഗത്തിന് കൊറോണ വൈറസ് ബാധയുണ്ടോ എന്ന സംശയത്തെ തുടർന്നുള്ള സംഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. രാം ഗോപാൽ വർമ്മയുടെ നിരവധി ചിത്രങ്ങളിലെ നായകനായ അമിതാഭ് ബച്ചൻ ട്രെയ്‌ലർ പങ്കുവെച്ചിട്ടുണ്ട്. സി.എം. ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Story highlights-‘Corona virus’ movie trailer