അന്ന് കൃഷ്ണകുമാറിനെ മുറിവേല്‍ക്കാത്ത കത്തികൊണ്ട് കുത്തിയത് ജയസൂര്യ; ഇന്ന് മകള്‍ ദിയയും: രസകരമായ വീഡിയോ

May 2, 2020

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട. കത്തിക്കുത്തില്‍ എന്ത് രസം എന്ന് ചിന്തിക്കുകയും വേണ്ട. ഈ കത്തിക്കുത്ത് അല്‍പം രസകരംതന്നെയാണെന്ന് പറയാതിരിക്കാന്‍ ആവില്ല. ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ കൃഷ്ണകുമാറിനെ ജയസൂര്യ കുത്തുന്ന ഒരു രംഗമുണ്ട്. കണ്ടവരാരും മറക്കാത്ത ഒരു രംഗം. കുത്തിയാല്‍ ഒരു പോറല്‍ പോലും ഏല്‍ക്കാത്ത കത്തികൊണ്ടായിരുന്നു കൃഷ്ണകുമാറിനെ അന്ന് ജയസൂര്യ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കുത്തിയത്.

ജയസൂര്യയ്ക്ക് ശേഷം മറ്റൊരാള്‍ വീണ്ടും ഇതേ രംഗം ആവര്‍ത്തിച്ചിരിക്കുകയാണ്. ആരാണെന്നല്ലേ, കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. സിനിമയിലെ രസകരമായ രംഗം പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് അച്ഛനും മകളും ചേര്‍ന്ന്. ദിയയാണ് രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

സിനിമയില്‍ സജീവമല്ലെങ്കിലും നടന്‍ കൃഷ്ണകുമാര്‍ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. മക്കള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളില്‍ സജീവവുമാണ് താരം. എന്തായാലും അച്ഛനും മകളും ചേര്‍ന്നൊരുക്കിയ വീഡിയോ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ പ്രകടനത്തിന്; മനസ്സ് കവര്‍ന്ന് ഒരു ‘വയലിന്‍ മുത്തശ്ശി’

ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ ജയസൂര്യയുടെ വേഷപ്പകര്‍ച്ചയിലാണ് ദിയ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചതിക്കാത്ത ചന്തു. 2004-ല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടി. ലാല്‍, വിനീത്, മധു, സിദ്ദിഖ്, നവ്യ നായര്‍, ഭാവന, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.