‘റാം’ സിനിമ ഉപേക്ഷിച്ചിട്ടില്ല,അതിനു മുൻപ് മറ്റൊരു ചിത്രം ചെയ്തേക്കും’- ജീത്തു ജോസഫ്
മോഹൻലാലിനെയും തൃഷയെയും കഥാപാത്രങ്ങളാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘റാം’. ചിത്രീകരണം പാതിവഴിയിലെത്തിയപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വിദേശത്താണ് ബാക്കി ചിത്രീകരണം നടക്കേണ്ടിയിരുന്നത്. ഇപ്പോൾ പലരും ആ ചിത്രം ഉപേക്ഷിച്ചോ എന്ന് ചോദിക്കുന്നതായി വ്യക്തമാക്കുകയാണ് ജീത്തു ജോസഫ്.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ‘റാം’ സിനിമ ഉപേക്ഷിച്ച് പുതിയ ചിത്രം പ്ലാൻ ചെയ്യുകയാണോ എന്ന തരത്തിൽ എനിക്ക് ഒട്ടേറെ കോളുകളും സന്ദേശങ്ങളും ലഭിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം ‘റാമി’ന്റെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. വൈറസ് ഭീഷണി യു കെയിലും ഉസ്ബക്കിസ്ഥാനിലും നിയന്ത്രണവിധേയമായാൽ ഷൂട്ടിങ് ആരംഭിക്കും.
ലോകത്തിൽ തന്നെ വൈറസിനെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ച ചുരുക്കം സ്ഥലങ്ങളിലൊന്നാണ് കേരളം. അതുകൊണ്ട് കേരളത്തിലായിരിക്കും ആദ്യം ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയുക. ആ സാഹചര്യം പരിഗണിച്ച് പൂർണമായി ഇവിടെ ചിത്രീകരിക്കാനായി ഞാനൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. എന്നാൽ ഈ കാരണങ്ങൾ കൊണ്ട് ‘റാം’ സിനിമ ഉപേക്ഷിച്ചെന്ന് വിചാരിക്കരുത്. സാഹചര്യങ്ങൾ കൊണ്ട് താത്കാലികമായി കുറച്ച് താമസം വന്നു എന്ന് പറയുന്നതാകും ശരി’- ജീത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.
Read More:രാജ്യത്ത് ഒരു ലക്ഷം കടന്ന് കൊവിഡ് രോഗികൾ
‘ദൃശ്യ’ത്തിന് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘റാം’. തെന്നിന്ത്യൻ നടി തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ആദിൽ ഹുസൈൻ, സിദ്ദിഖ്, ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, ദുർഗ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
Story highlights-jeethu joseph about ram movie