മലയാള സിനിമയിലെ മാറ്റങ്ങളുടെ മഹാരഥന് പിറന്നാൾ- 75ന്റെ നിറവിൽ കെ ജി ജോർജ്
മലയാള സിനിമയുടെ സുവർണ കാലഘട്ടമായിരുന്ന എൺപതുകളിൽ അവിഭാജ്യ ഘടകമായിരുന്ന വ്യക്തിത്വമായിരുന്നു കെ ജി ജോർജ് . കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരുപിടി ചിത്രങ്ങളെടുത്താൽ മുൻപന്തിയിൽ കെ ജി ജോർജ് ചിത്രങ്ങളുണ്ടാകും. മലയാള സിനിമക്ക് അടിത്തറ പാകിയ മഹാരഥന്മാരിൽ ഒരാളായ കെ ജി ജോർജിന് ഇന്ന് 75 വയസ് തികയുകയാണ്.
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും സംവിധാനത്തിൽ ഡിപ്ലോമയെടുത്ത കെ ജി ജോർജ് 1970 മുതലാണ് മലയാള സിനിമയിൽ സജീവമായത്. പിന്നീട് വെള്ളിത്തിരയെ മനോഹരമായ കഥാപരിസരവും കാഴ്ചകളും കൊണ്ട് കെ ജി ജോർജ് സമ്പുഷ്ടമാക്കി. രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണ് കെ ജി ജോർജിന്റെ തുടക്കം. മൂന്നു വർഷത്തോളം അദ്ദേഹത്തിന്റെ സംവിധാന സഹായിയായി തുടർന്നതിന് ശേഷം 1976ലാണ് ‘സ്വപ്നാടനം’ എന്ന ചിത്രം കെ ജി ജോർജ് സംവിധാനം ചെയ്തത്.
പിന്നീട്, മലയാള സിനിമയ്ക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ അദ്ദേഹം നൽകി. ആകെ പത്തൊൻപതു ചിത്രങ്ങളാണ് കെ ജി ജോർജ് സിനിമാ ജീവിതത്തിൽ ചെയ്തിട്ടുള്ളത്. എന്നാൽ ചെയ്ത ചിത്രങ്ങളിലധികവും കാലത്തിനു മുന്നേ സഞ്ചരിച്ചവയുമാണ്. 1984ൽ സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാല’മൊക്കെ 2020ലും പ്രസക്തമാണ്. ദുശ്ശാസനക്കുറുപ്പും ശിഖണ്ഡിപ്പിള്ളയും പഞ്ചവടി റാഹേലുമൊക്കെ ഇന്നും നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്.
ഒരുപക്ഷേ, സിനിമയുടെ മാറ്റങ്ങൾ ഏറ്റവുമധികം അറിഞ്ഞ വ്യക്തിയായിരിക്കണം കെ ജി ജോർജ്. കാരണം ആദ്യ ചിത്രമായ ‘സ്വപ്നാടനം’ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു. അതിനു ശേഷമാണ് മലയാള സിനിമ കളർ ചിത്രങ്ങളിലേക്ക് ചുവടുമാറിയത്. സിനിമയുടെ സുപ്രധാനമായ രണ്ടു ഘട്ടങ്ങൾ സ്വന്തം സിനിമകളിൽ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
‘കോലങ്ങൾ’, ‘യവനിക’, ‘ആദാമിന്റെ വാരിയെല്ല്’, ‘ഇരകൾ’ തുടങ്ങിയവയാണ് കെ ജി ജോർജിന്റെ പ്രധാന സിനിമകൾ. ആദ്യ ചിത്രമായ ‘സ്വപ്നാടന’ത്തിന് മികച്ച നിരൂപക പ്രശംസയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. അവിടെ നിന്നും ഓരോ ചിത്രത്തിലും അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ കാണാൻ സാധിക്കും. മലയാള സിനിമക്ക് പുതിയൊരു നിർവചനം നൽകിയത് കെ ജി ജോർജാണ്. അവസാന ചിത്രമായ ഇലവങ്കോട് ദേശം വരെയും ആ വൈവിധ്യം കാണാൻ സാധിക്കും.
Read More:പ്രണയ സാഫല്യത്തിന്റെ 25 വർഷങ്ങൾ; സിൽവർ ജൂബിലി നിറവിൽ സച്ചിനും അഞ്ജലിയും
ഒരു സിനിമ പ്രേമിക്ക് കെ ജി ജോർജിനെ അറിയാതെ മലയാള സിനിമയെ മനസിലാക്കാൻ സാധിക്കില്ല. ആദ്യ സ്ത്രീപക്ഷ സിനിമ, കുറ്റാന്വേഷണ സിനിമ തുടങ്ങി ഓരോ വിഭാഗങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചത് അദ്ദേഹമാണ് .മാറ്റത്തിന്റെ യവനിക ഉയർത്തിയ അതുല്യ പ്രതിഭയ്ക്ക് ജന്മദിനാശംസകൾ.
Story highlights-k g George 75th birthday