സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു

May 20, 2020
Public transport from tomorrow

സംസ്ഥാനത്ത് ഇന്ന് മുതൽ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഏഴുവരെ കർശന നിയന്ത്രണങ്ങളോടെയാകും സർവീസുകൾ നടത്തുക. ജീവനക്കാരും യാത്രക്കാരും പാലിക്കേണ്ട വ്യക്തമായ മാർഗനിർദേശം ഗതാഗത വകുപ്പ് പുറത്തിറക്കി.

ജില്ലയ്ക്കകത്ത് മാത്രമാണ് ബസ് സർവീസ് നടത്തുന്നത്. തീവ്ര ബാധിത പ്രദേശങ്ങളും അതിർത്തികളും ഒഴിവാക്കിയാകും സർവീസുകൾ. ജില്ലയ്ക്കകത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാത്രമേ സർവീസ് ഉണ്ടാകൂ. ജീവനക്കാരും യാത്രക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണം. ഓരോ ട്രിപ്പിന് ശേഷവും ബസുകൾ ഡിപ്പോയിലെത്തിച്ച് അണുവിമുക്തമാക്കണം.

ജില്ലാ അതിർത്തിയിലേക്കോ, കണ്ടെയ്ൻമെന്റ് സോണിലേയ്‌ക്കോ, കണ്ടെയ്ൻമെന്റ് സോൺ കടന്നുപോകുന്ന വിധത്തിലോ സർവീസ് ഉണ്ടാകില്ല. ഓർഡിനറി ബസുകൾ മാത്രമാകും സർവീസ് നടത്തുക. യാത്രക്കാരെ നിർത്തികൊണ്ട് സർവീസ് പാടില്ല.

സാമൂഹ്യ അകലം ഉറപ്പാക്കണം. ബസിന്റെ പിൻവശത്തുള്ള വാതിലിലൂടെ മാത്രമേ യാത്രക്കാരെ കയറ്റാൻ പാടുള്ളു. മുൻവശത്തുള്ള വാതിലിൽ കൂടി യാത്രക്കാർ ഇറങ്ങണം. ജനൽ ഷട്ടറുകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം.