ലേബർ റൂമിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് കൊവിഡ് ബാധിതയായ ആ അമ്മ ചിന്തിച്ചു.. കുഞ്ഞിനെ ആര് നോക്കും..? തുണയായി എത്തിയ മാലാഖ…

May 8, 2020
luciana

കൊറോണ വൈറസ് എന്ന മഹാദുരന്തത്തിന് ഇരകളാകുന്ന നിരവധിപ്പേരുണ്ട്. ഒരു കുടുംബം മുഴുവൻ കൊറോണയുടെ കൈപ്പിടിയിലായപ്പോൾ അടിയന്തരമായി പ്രസവ ശസ്ത്രക്രിയയ്ക്ക് കയറേണ്ടി വന്ന ‘അമ്മ തന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിനെയോർത്ത് വിഷമിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തുണയായി എത്താനില്ല, ഈ വേളയിൽ ആശ്വാസമായി എത്തിയ ഒരു ടീച്ചറാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ സൂപ്പർ ഹീറോ.

സ്വന്തം വിദ്യാർത്ഥിയുടെ കുഞ്ഞനുജനാണ്, ഈ ടീച്ചർ 23 ദിവസം അമ്മയായത്. യൂണിസെഫ് ഈ ടീച്ചറെ കുറിച്ചു പങ്കുവയ്ക്കുന്നുണ്ട്. സൈബർലോകത്ത് നിന്നും അഭിനന്ദനപ്രവാഹമാണ് ടീച്ചർക്ക് ലഭിക്കുന്നതും. ലൂസിയാന ടീച്ചറെകുറിച്ച് ഷിബു ഗോപാലകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് വായിക്കാം….

‘ലേബർ റൂമിലേക്ക് കയറുന്നതിനു തൊട്ടുമുൻപ് കൊവിഡ് സ്ഥിരീകരിക്കുന്ന ഒരമ്മ. അടിയന്തിര പ്രസവ ശസ്ത്രക്രിയക്ക് കയറുമ്പോൾ ആധി മുഴുവൻ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചായിരുന്നു. അത്രയും നേരം കൂടെ ഉണ്ടായിരുന്ന അച്ഛനും മകനും പോസിറ്റീവായിരിക്കുമെന്നു ഉറപ്പായിരുന്നു. കുഞ്ഞിനെ ആരെ ഏൽപ്പിക്കും, കർശനമായ ഷെൽട്ടർ-ഇൻ-പ്ലേസാണ്. അടുത്ത് ബന്ധുക്കൾ ആരുമില്ല. ഭർത്താവിന് ഇംഗ്ലീഷ് അറിയില്ല. പെട്ടെന്നാണ് അവർക്ക് മകന്റെ സ്‌കൂളിലെ ടീച്ചറെ ഓർമവന്നത്, വീട്ടിൽ ഇംഗ്ലീഷ് സംസാരഭാഷ അല്ലാത്ത കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചർ.

Read also: ലോക്ക് ഡൗൺ കാലത്ത് ചുവരിൽ വർണ്ണവിസ്‌മയം തീർത്ത് ഒരു കലാകാരി; വീഡിയോ

എത്രയും വേഗം ആശുപത്രിയിലേക്ക് വരാമോ, എന്റെ ഭർത്താവിനെ കാണാമോ, ഞാൻ ലേബർ റൂമിലേക്ക് കയറുകയാണ്, ഇത്രമാത്രമാണവർ പറഞ്ഞത്. ഈ വർഷം സ്‌കൂളിൽ വച്ചുമാത്രം പരിചയമുള്ള കുടുംബം, എല്ലാവരും ആത്മസുരക്ഷയ്ക്കു വേണ്ടി സ്വയം തടങ്കലിൽ ആവുന്ന സമയം. ടീച്ചർ ആശുപത്രിയിൽ പാഞ്ഞെത്തി, ആറടി അകലത്തു നിന്നു ഭർത്താവിനോട് അയാളുടെ ഭാഷയിൽ സംസാരിച്ചു. കോവിഡ് ടെസ്റ്റിന് അയാളും മകനും തയ്യാറെടുക്കുകയിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള ആശങ്ക അയാളെ മൂടി നിന്നു. അയാൾ ചോദിച്ചു, “കുഞ്ഞിനെ ടീച്ചർക്ക് വീട്ടിലേക്കു കൊണ്ടുപോകാമോ?”, ഇത് ലേബർ റൂമിനകത്തു നിന്നുമുള്ള ആ അമ്മയുടെ ചോദ്യമായിരുന്നു.

Read also: ‘നന്മയിലേക്കിനി മുന്നേ നടക്കാം’; അതിജീവനത്തിന്റെ കരുത്ത് പകരാൻ സംഗീത സന്ദേശവുമായി ഫ്ളവേഴ്‌സും 24 ന്യൂസ് ചാനലും; ഹൃദ്യം ഈ വീഡിയോ

ടീച്ചർ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛന്റെയും മകന്റെയും ടെസ്റ്റ് റിസൽട്ട് വന്നു, അവർ പോസിറ്റീവായി. പ്രസവശേഷം 23 ദിവസം അമ്മയ്ക്ക് ആശുപത്രിയിൽ തുടരേണ്ടി വന്നു. അച്ഛനും മകനും വീട്ടിൽ ക്വാറന്റീനിലായി. ഈ ദിവസങ്ങളിലെല്ലാം കുഞ്ഞിനെ ടീച്ചർ സംരക്ഷിച്ചു. ഏറെക്കുറെ അപരിചിതരായ ഒരു കുടുംബത്തിന് അവരുടെ കുട്ടിയുടെ ടീച്ചർ എന്നത് ഏറ്റവും വലിയ ബന്ധുത്വമായി മാറി. ആശുപത്രിയിൽ നിന്നും കുഞ്ഞിനെ കൊണ്ടുപോകാൻ നേരം കോൺടാക്ട് നമ്പർ എഴുതുമ്പോൾ ചോദിച്ചു, “അമ്മയുടെ സഹോദരിയാണോ, ബന്ധുവാണോ, ആരാണ്?”

അവർ പറഞ്ഞു, “ഞാനൊരു ടീച്ചറാണ്”

ഈ ആഴ്ച ടീച്ചേഴ്സ് അപ്രീസിയേഷൻ വീക്കാണ്, സ്‌കൂൾ ഉണ്ടായിരുന്നെങ്കിൽ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ആഴ്ച. കണക്ടികട്ടിൽ നിന്നുള്ള ലൂസിയാന ലിറ എന്ന ടീച്ചറെ ഇപ്പോൾ ലോകം ആഘോഷിക്കുന്നു, യൂണിസെഫ് ടീച്ചറെ കുറിച്ചു പോസ്റ്റ് ചെയ്യുന്നു, ആശംസകളും, അഭിനന്ദനങ്ങളും നിറയുന്നു. ക്ലാസ് മുറികൾക്കുമപ്പുറത്തേക്ക് പഠിപ്പിക്കുന്നവർ വളർന്നു വലുതാവുന്നതിന്റെ ലോകമാതൃകയായി ടീച്ചർ ഉയരുന്നു.’

Story Highlights: luciana teacher cares newborn of students brother