തിരുവാതിരയില്‍ ചരിത്രം കുറിച്ചു, നന്മകൊണ്ട് സാധാരണക്കാരുടെ ഹൃദയത്തില്‍ ഇടം നേടി; മാലതി ജി മേനോന് ഓര്‍മ്മയാകുമ്പോള്‍…

മരണം പലപ്പോഴും അങ്ങനെയാണ്. അത്രമേല്‍ പ്രിയപ്പെട്ട ചിലരെ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നങ്ങ് കവര്‍ന്നെടുക്കും. അതുകൊണ്ടാണല്ലോ പലരും മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നു വിശേഷിപ്പാക്കാറുള്ളതും. പ്രശസ്ത തിരുവാതിര നര്‍ത്തകി മാലതി ജി മേനോന്റെ മരണവും ഒരപാട് കണ്ണുകളെ ഈറനണിയിച്ചു. കലയെ ഹൃദയത്തിലേറ്റിയ മാലതി ജി മേനോന് അഭയമായതും അനേകര്‍ക്കാണ്.
ഹിന്ദി അധ്യാപികയായിരുന്ന ഇവര്‍ 1992-ല്‍ വിരമിച്ച ശേഷമാണ് കലാരംഗത്ത് ശ്രദ്ധ നേടിയത്. പിന്നല് തിരുവാതിര എന്ന നൂതന ആശയവും മാലതി ജി മേനോന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും ഇടം നേടിയിരുന്നു. 2012-ല്‍ മൂവായിരത്തില്‍ അധികം സ്ത്രീകളെ അണിനിരത്തി എറണാകുളത്ത് അവതരിപ്പിച്ച പിന്നല് തിരുവാതിര ഇന്നും ചരിത്രമാണ്. നൃത്ത അധ്യാപിക കൂടിയായ ഇവര്‍ പാര്‍വണേന്ദു എന്ന പേരില്‍ തിരുവാതിര സ്കൂളും ആരംഭിച്ചു.
തിരുവാതിരയ്ക്ക് ഒപ്പം കഥകളി, ഇടയ്ക്ക, ചെണ്ട തുടങ്ങിയവയിലും മാലതി ജി മേനോന് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ‘ഡാകിനി’ അടക്കമുള്ള ചില സിനിമകളിലും പരസ്യചിത്രങ്ങളിലുമൊക്കെ അഭിനയിച്ചു. ലിംഗ വേള്‍ഡ് റെക്കോര്‍ഡിന് പുറമെ, ഫോക്ലോര് അക്കാദമി അവാര്‍ഡ്, കേരള നാടന്‍കലാ അക്കാദമി ഫെല്ലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവയും ഈ അതുല്യ കലാകാരിയെ തേടിയെത്തി.
സമൂഹത്തില്‍ മഹാരോഗങ്ങളോടും ദുരിതങ്ങളോടും പോരാടുന്ന അനേകര്‍ക്ക് സഹായമെത്തിക്കുന്നതിലും മനസ്സുകാട്ടി മാലതി ജി മേനോന്. ഫ്ളവേഴ്സ് ടിവിയിലെ അനന്തരം പരിപാടിയിലൂടെ മറ്റുള്ളവരെ സഹായിക്കാനും ഈ സുമനസ്സ് മറന്നില്ല. ചെയ്ത നന്മകളൊക്കെയും അധികം ആരെയും അറിയിക്കാതെയായിരുന്നു മാലതി ജി മേനോന് എന്ന നന്മമരം അനേകര്‍ക്ക് തണലേകിയത്.
പിന്നല് തിരുവാതിര
തിരുവാതിര കളിക്കുന്ന സ്ഥലത്തെ വേദിക്ക് മുകളില്‍നിന്നും താഴേക്ക് ആളെണ്ണം കയര്‍ തൂക്കിയിടും. ഓരോരുത്തരും ഓരോ കയര്‍ പിടിച്ചാണ് തിരുവാതിരകളിയില്‍ ഏര്‍പ്പെടുക. കളിയുടെ മധ്യഭാഗത്തെത്തുമ്പോഴേക്കും കയറുകള്‍ കൃത്യമായും ഭംഗിയായും പിരിച്ചുവച്ചിട്ടുണ്ടാവും. അടുത്തഘട്ടത്തില്‍ കളി തുടര്‍ന്ന് പിരിച്ചുവെച്ച കയറുകളെ പൂര്‍വ്വസ്ഥിതിയിലേക്കെത്തിക്കുകയും ചെയ്യുന്നു.
Story Highlight: Malathy G Menon special story