മലയാളി മനസ്സുകളിൽ പ്രണയം നിറച്ച അതുല്യ കലാകാരൻ പത്മരാജന് ഇന്ന് പിറന്നാൾ…

May 23, 2020
padmarajan_

‘തൂവാനതുമ്പികൾ’, ‘നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രണയത്തിന്റെ പുത്തൻ അനുഭൂതികൾ സമ്മാനിച്ച  പത്മരാജൻ, മലയാളത്തിന്റെ സ്വന്തം പപ്പേട്ടന് ഇന്ന് പിറന്നാൾ. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഈ അതുല്യ കലാകാരന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്നേഹത്തോടെ ഓർമ്മിക്കുകയാണ് ലോകം മുഴുവനുമുള്ള സിനിമ പ്രേമികൾ.

1945 മെയ് 23 ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കൽ വീട്ടിൽ ദേവകിയമ്മയുടെയും തുണ്ടത്തിൽ അനന്ത പത്മനാഭപിള്ളയുടെയും ആറാമത്തെ മകനായി പത്മരാജൻ ജനിച്ചു. പ്രയാണം എന്ന ഭരതൻ ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് സിനിമയിൽ വരവറിയിക്കുന്നത്. 1978 ൽ സ്വയം രചനയും സംവിധാനവും നിർവഹിച്ച് പെരുവഴിയമ്പലത്തിലൂടെ സംവിധാന രംഗത്തെത്തിയ പത്മരാജന് ആദ്യ ചിത്രം തന്നെ  നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു.

തന്റെ സർഗ പ്രതിഭകൊണ്ട് മലയാള സിനിമാ ലോകം അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒറ്റയ്ക്ക് മുന്നേറുകയായിരിന്നു ഈ അതുല്യ പ്രതിഭ. കഥാകൃത്തിൽ നിന്നും തിരക്കഥാകൃത്തിലേക്കും അവിടുന്ന് സംവിധായകനിലേക്കും സഞ്ചരിച്ച പത്മരാജൻ മലയാള സിനിമയ്ക്ക് 16 വർഷംകൊണ്ട് സമ്മാനിച്ചത് മികച്ച സംഭാവനകളാണ്.

36 തിരക്കഥകൾ തയാറാക്കിയ അദ്ദേഹം, 18 സിനിമകൾ സംവിധാനം ചെയ്തു. ശരിക്കും തെറ്റിനുമിടയിലാണ് ജീവിതമെന്ന് എഴുതിവെച്ച ഫാന്റസിയെ അത്രമേൽ ആഴത്തിൽ സ്നേഹിക്കുകയും ദൃശ്യവൽക്കരിക്കുകയും ചെയ്ത പത്മരാജന്റെ പ്രണയം നിറച്ച അനേകം  രചനകൾ ഇന്നും മലയാളി മനസ്സുകളിൽ തിളങ്ങി നിൽക്കുന്നു.

Read also: ‘അന്നറിയില്ലല്ലോ മദ്ധ്യത്തിൽ കാണുന്ന ‘പയ്യൻ’ ചരിത്രം സൃഷ്ട്ടിക്കുമെന്ന്’; നാല് പതിറ്റാണ്ടുകളുടെ നീളമുള്ള ഓർമ്മകൾ…

 1991 ജനുവരി 23 ന് ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥമുള്ള യാത്രയ്ക്കിടയിൽ കോഴിക്കോട് വെച്ചായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് പത്മരാജന്റെ അപ്രതീക്ഷിത അന്ത്യം. കഥകൾ പറഞ്ഞ് ഗന്ധർവ്വ ലോകത്തേക്ക് യാത്രയായ പത്മരാജൻ ഇന്നും ജീവിക്കുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന, സിനിമയെ സ്നേഹിക്കുന്ന അനേകം മനസ്സുകളിലൂടെ…

Story Highlights: shares memories of pathmarajan