ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട വയോധികന് തുണയായ് പൊലീസുകാർ; വീഡിയോ
നിരവധി ആളുകളാണ് ദുരിതം വിതച്ച കൊറോണ വൈറസിന്റെ ഇരകളായി മാറിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ 78 കാരന് തുണയായി പൊലീസുകാർ. അസാമിലെ നാഗോൺ സ്വദേശിയാണ് കമല പ്രസാദ് അഗർവാൾ. ലോക്ക് ഡൗണിനെ തുടർന്ന് ഭാര്യയും മക്കളും ബംഗളൂരുവിൽ കുടുങ്ങി. ഇതോടെ അസമിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് കമല പ്രസാദ്.
കഴിഞ്ഞ ദിവസം കമല പ്രസാദിന്റെ പിറന്നാൾ ആയിരുന്നു. പിറന്നാൾ ദിനത്തിലാണ് ഇദ്ദേഹത്തെ തേടി അസാം പൊലീസ് എത്തിയത്. പിറന്നാൾ മധുരത്തിനൊപ്പം കൈയിൽ ഞാൻ നിങ്ങളുടെ മകനാണ് എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ച് ആശംസാ ഗാനവും പാടി പൊലീസുകാർ കമല പ്രസാദിന്റെ പിറന്നാൾ ഗംഭീരമാക്കി.
അച്ഛൻ ഒറ്റയ്ക്കാണെന്നും അദ്ദേഹത്തിന്റെ ജന്മദിനമാണെന്നും മകളാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. ഇതേത്തുടർന്നാണ് അദ്ദേഹത്തെ അന്വേഷിച്ച് പൊലീസ് എത്തിയത്. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സുഖവിവരങ്ങളും അന്വേഷിച്ച് ആവശ്യമായ നിർദ്ദേശങ്ങളും നൽകിയാണ് പൊലീസുകാർ മടങ്ങിയത്.