‘പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുക്കാന്‍ പറ്റുമോ സക്കീര്‍ ഭായീ നിങ്ങള്‍ക്ക്..’; രസകരമായ അനുഭവം പങ്കുവെച്ച് ഷമ്മി തിലകന്

വെള്ളിത്തരിയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളും ഇക്കാലത്ത് നിറസാന്നിധ്യമാണ്. ഇപ്പോഴിതാ നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച തിലകന് ഒപ്പം അഭിനയിച്ച അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മകനും സിനിമാതാരവുമായ ഷമ്മി തിലകന്. രസകരമായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഓര്‍മ്മകള്‍ പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പ്
ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും; ലിസി, ജയരേഖ, എന്നിവര്‍ നായികമാരായും; മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്; ആന്റണി ഈസ്റ്റ്മാന് സംവിധാനം ചെയ്ത്, 1986-ല്‍ റിലീസ് ചെയ്ത ഐസ്ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം..!
പ്രേമമെന്നാലെന്ത്…
അതിന്_ദാഹമെന്നാലെന്ത്…
ആരോമലാളല്ലേ ചൊല്ലാമോ..
ഒരു തൂവലാലുള്ളം തലോടാമോ..
പുലിയൂര് സരോജ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഈ ഗാനരംഗത്തില്‍, സൂക്ഷിച്ചു നോക്കിയാല്‍ എന്നേയും കാണാം..!ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിന് താളം ഇടുന്ന തബലിസ്റ്റ് മറ്റാരുമല്ല..; ഈ ഞാന്‍ തന്നെയാണ്..??
കെ ജി ജോര്‍ജ്ജ് സാറിന്റെ കീഴില്‍ സിനിമയിലും..; അച്ഛന്റെ കീഴില്‍ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവര്‍ത്തിച്ച് വന്നിരുന്ന ഞാന്‍..; പുലിയൂര് സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും, ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ (ബോള്‍ഗാട്ടി പാലസ്) പോയത്..!
ഗാനരംഗത്തില്‍ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാല്‍ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തില്‍..; അച്ചനും, ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു..
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയില്‍ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം..
ഇന്നായിരുന്നെങ്കില്‍ ഇങ്ങനെ ട്രോള്‍ വന്നേനെ..സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാന്‍ പറ്റുമോ സക്കീര്‍ ഭായീ നിങ്ങള്‍ക്ക്..
പറ്റില്ല ഭായീ..!
Story highlights: Shammy Thilakan About Icecream Movie Starring Thilakan