ചെവികൊണ്ട് ഒരു കിടിലൻ ഐറ്റം; കൗതുകമായി കാട്ടുപൂച്ചയുടെ ദൃശ്യങ്ങൾ, വൈറൽ വീഡിയോ

June 25, 2020
cat

സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഇല്ലാതെതന്നെ താരങ്ങളാകുന്നവരാണ് ഇപ്പോൾ മൃഗങ്ങളും പക്ഷികളുമൊക്കെ. സ്വന്തം പേരുപറയുന്ന മൈനയുടെ ദൃശ്യങ്ങളും ക്യാറ്റ് വാക്ക് നടത്തുന്ന ആനയുടെ ദൃശ്യങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ച കൗതുകം വളരെ വലുതാണ്.

ഇപ്പോഴിതാ ചെവികൊണ്ട് ഒരു പുതിയ ഐറ്റവുമായി എത്തി സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ് ഒരു കാട്ടുപൂച്ച. ആഫ്രിക്ക, മധ്യ ഏഷ്യ. ഇന്ത്യ എന്നിവടങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള കാരക്കാൾ (പോക്കാൻ പൂച്ച) എന്നയിനം പൂച്ചയാണ് ചെവി ചുഴറ്റി ആരാധകരെ അമ്പരപ്പിക്കുന്നത്.

കാരക്കാൾ ഇനത്തിൽപെട്ട പൂച്ചകൾക്ക് നിഷ്പ്രയാസം ചെവികൾ ചുഴറ്റാൻ സാധിക്കും. ഇവയുടെ ചെവിയിലെ മസിലുകളാണ് ഇതിന് സഹായിക്കുന്നത്. മറ്റ് പൂച്ചകളെ അപേക്ഷിച്ച് ശ്രവണശേഷിയും ഇവയ്ക്ക് കൂടുതലാണ്.

12 അടിയോളം ഉയരത്തിൽ ചാടി ഇവയ്ക്ക് മറ്റ് മൃഗങ്ങളെ വേട്ടയാടാൻ സാധിക്കുന്നതിനാൽ ഇവയെ വേട്ടക്കാരൻ പൂച്ചകൾ എന്നും പറയാറുണ്ട്. ചെറിയ മുഖവും, കൂർത്ത ചെവികളും, മെലിഞ്ഞ ശരീരവുമാണ് ഇവയുടെ പ്രത്യേകത. 16 വർഷമാണ് ഇവയുടെ സാധാരണ ആയുസ്സ്, 18 കിലോ വരെ ഇവയ്ക്ക് ഭാരവും ഉണ്ടാകാറുണ്ട്.

Read also: കൗതുകം നിറച്ച് ഒരു ഡോൾഫിൻ- നായ സൗഹൃദം; അപൂർവ സ്നേഹത്തിന്റെ കഥ

ഐഎഫ്‌എസ്‌ ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് ഈ അപൂർവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കാരക്കാൾ ഇത്തരത്തിൽ ചെവി കറക്കുന്നത് സാധാരണമാണെങ്കിലും ഈ ദൃശ്യങ്ങൾ പൊതുവെ പകർത്താൻ സാധ്യമാകാറില്ല. അതുകൊണ്ടുതന്നെ ഇതിനോടകം നിരവധിപ്പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Story Highlights: Cat ears moves like antenna