90,000 കടന്ന് മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാനെ മറികടന്നിരിയ്ക്കുകയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുംബൈ. ദിവസേന വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ ആശങ്ക ഉയര്‍ത്തുന്നു. മുംബൈയില്‍ മാത്രം ഇതിനോടകം തന്നെ 51,100 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 50,333 കൊവിഡ് കേസുകളായിരുന്നു വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 90,000 പിന്നിട്ടു. 90,787 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരു ദിവസം 2,259 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 120 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ മരണ സംഖ്യ 3289 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 1760 മരണളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 42,638 പേര് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.
വളരെ വേഗത്തിലാണ് മഹാരാഷ്ട്രയില്‍ രോഗ വ്യാപനം നടക്കുന്നത്. അതേസമയം ലോക്ക് ഡൗണ്‍ ഇളവുകളുമായി മുന്നോട്ടു പോവുകയാണ് നിലവില്‍ സംസ്ഥാനം. മഹാരാഷ്ട്രയില്‍ 15 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു. 10 ശതമാനം ജീവനക്കാരുമായി ചില സ്വകാര്യ സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
Story highlights: Covid 19 latest updates in Maharashtra