ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

September 26, 2022

ഒന്നര മണിക്കൂറത്തേക്ക് ഇന്റർനെറ്റ് ഉണ്ടാവില്ല, ഫോൺ മാറ്റി വെയ്ക്കണം, ടിവിയും ഓഫാക്കണം. അങ്ങനെ ഒരു പരീക്ഷണത്തിന് തയാറായാലോ. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ ഭൂരിപക്ഷം ആളുകൾക്കും ചെയ്യാൻ കഴിയാത്ത ഒന്നാണ്. അത്രത്തോളം സ്‍മാർട്ട് ഫോണും ഇന്റർനെറ്റും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കൃത്യമായ ഇടവേളകളിൽ സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റും തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്ന നോട്ടിഫിക്കേഷനുകളും നമുക്ക് വളരെ സ്വാഭാവികമായി മാറി കഴിഞ്ഞു.

എന്നാൽ ഇത്തരമൊരു പരീക്ഷണം വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമം. മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലെ മൊഹിത്യാഞ്ചെ വഡ്ഗാവ് ഗ്രാമത്തിൽ രാത്രി ഒന്നര മണിക്കൂറത്തേക്ക് ഇന്റർനെറ്റോ ടിവിയോ ഉപയോഗിക്കാൻ കഴിയില്ല. ഈ സമയം ഡിജിറ്റൽ ഡീടോക്‌സിന് വേണ്ടി അവർ ഉപയോഗിക്കുകയാണ്. ഗ്രാമത്തിൽ എല്ലാ ദിവസവും രാത്രി 7 മണിക്ക് ഒരു സൈറൺ മുഴങ്ങും. ആളുകൾക്ക് അവരുടെ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒന്നര മണിക്കൂർ മാറ്റിവെക്കാനുള്ള നിർദ്ദേശമാണ് ഇത്. ഗ്രാമത്തലവനായ വിജയ് മൊഹിതെയാണ് പരീക്ഷണം എന്ന നിലയിൽ ഈ ഡിജിറ്റൽ ഡീടോക്സ് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

നിർബന്ധിതമായി തന്നെയാണ് ഇത് നടത്തുന്നതെങ്കിലും ഗ്രാമവാസികൾ ഏറെ സന്തോഷത്തോടെയാണ് ഈ പരീക്ഷണത്തിന്റെ ഭാഗമായിരിക്കുന്നത്. ഫോൺ ഉപയോഗത്തിന് പകരം ആ സമയം വായനയും എഴുത്തും ഒപ്പം ആശയസംവേദനവുമൊക്ക ഗ്രാമം പ്രോത്സാഹിപ്പിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം കുട്ടികളിലടക്കം അമിതമായ ഫോൺ ഉപയോഗം പ്രശ്‌നം സൃഷ്‌ടിക്കുന്നുവെന്ന് മനസ്സിലായതോടെയാണ് ഗ്രാമം ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറെടുത്തത്.

Read More: “അവസ്ഥ മോശമാണ്, വീട്ടിലേക്ക് വരാൻ പറ്റുന്നില്ല..”; ഓണം ബമ്പർ അടിച്ച അനൂപിന്റെ ഫേസ്ബുക്ക് ലൈവ് വിഡിയോ

കുട്ടികളെ വീണ്ടും വായനയിലേക്കും എഴുത്തിലേക്കുമൊക്കെ തിരിച്ചു കൊണ്ട് വരാൻ ഈ പരീക്ഷണത്തിന് കഴിയുന്നുണ്ടെന്നാണ് നിരീക്ഷണം. ആശ വർക്കർമാർ, അങ്കണവാടി അധ്യാപകർ, വിരമിച്ച അധ്യാപകർ എന്നിവരുടെയെല്ലാം സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

Story Highlights: Digital detox experiment by a village in maharashtra