സര്‍പ്രൈസ് ഗിഫ്റ്റുമായി ജനമൈത്രി പൊലീസ്; മനസ് നിറഞ്ഞ് ചിരിച്ച് ദ്രൗപദിയമ്മ..!

December 10, 2023

വയനാട്ടിലെ പൊഴുതന മുത്താറിക്കുന്ന് സ്വദേശിനിയായ ദ്രൗപദിയമ്മയ്ക്ക് പ്രയം എഴുപത് കഴിഞ്ഞു. ഈ പ്രായത്തിലും ഇഷ്ടം പുസ്തകങ്ങളോടാണ്. ഈ അമ്മയുടെ വായന പ്രേമമറിഞ്ഞ് വയനാട് ജില്ല ജനമൈത്രി പൊലീസ് ഒരു കെട്ട് പുസ്തകങ്ങളാണ് സ്മ്മാനിച്ചത്. അപ്രതീക്ഷിതമായി കിട്ടിയ പുസ്തകങ്ങള്‍ കണ്ട് ദ്രൗപദിയമ്മയുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ മനസു നിറഞ്ഞ് പുഞ്ചിരിച്ചു. ( Wayanad Janamaitri Police surprise gift to Draupadiamma )

എത്ര വായിച്ചാലും ദ്രൗപദിയമ്മയ്ക്ക് മതിയാകില്ല. അരനൂറ്റാണ്ടിലധികമായി വായനയെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് അവര്‍. മൂന്നര പതിറ്റാണ്ടിലധികം തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു ദ്രൗപദിയമ്മയ്ക്ക വിശ്രമ ജീവിതത്തിലും ഒഴിച്ചുകുടാനാകാത്ത ഒന്നാണ് വായന.

14 വയസുള്ളപ്പോള്‍ തുടങ്ങിയതാണ് ദ്രൗപദിയമ്മയുടെ വായനശീലം. മലയാളത്തിലെ ഒട്ടുമിക്ക പുസ്തകങ്ങളും ദ്രൗപദിയമ്മ വായിച്ചുതീര്‍ത്തിട്ടുണ്ട്. അമ്മ പങ്കജാക്ഷിയമ്മയും നല്ല വായനക്കാരിയായിരുന്നുവെന്നും അവരില്‍ നിന്നാണ് തനിക്ക് വായനാശീലം കിട്ടിയതെന്നും ദ്രൗപദിയമ്മ പറയുന്നു.

Read Also : ‘2 വർഷമായി അവൾ പോരാടിക്കൊണ്ടിരിക്കുന്നു’; പ്രിയപ്പെട്ടവളുടെ തിരിച്ചുവരവിനായി ആകാംഷയോടെ ചിലർ…

വൈത്തിരി പൊലീസിന്റെ പൊഴുതനയിലുള്ള വയോജന കൂട്ടായ്മയില്‍ 10 വര്‍ഷത്തോളമായി അംഗവുമാണ് ദ്രൗപദിയമ്മ. ഇവരുടെ പുസ്തക പ്രേമം മനസ്സിലാക്കി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സമാഹരിച്ച 25 ഓളം പുസ്തകങ്ങളുമായാണ് വൈത്തിരി പൊലീസ് ദ്രൗപദിയമ്മയെ കാണാനായി മുത്താറിക്കുന്നിലെ വീട്ടിലെത്തിയത്. എഴുപതാം വയസിലും ഇടമുറിയാത്ത വായന തുടരുകയാണ് ദ്രൗപദിയമ്മ.

Story Highlights : Wayanad Janamaitri Police surprise gift to Draupadiamma