മാനന്തവാടിയ്ക്ക് ആശ്വസിക്കാം; തണ്ണീർക്കൊമ്പനെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോകും..!

February 2, 2024

വയനാട് മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ തണ്ണീര്‍കൊമ്പനെ ബന്ദിപ്പൂരിലേക്ക് മാറ്റും. തണ്ണീര്‍ക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലന്‍സ് സജ്ജം. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ( Thanneerkomban will be moved to Bandipur )

രാവിലെ ഒമ്പത് മണിക്ക് ടൗണിലിറങ്ങിയെ കൊമ്പനെ വൈകീട്ട് അഞ്ചരയോടെയാണ് വെടിവയ്ക്കാനായത്. രണ്ട് തവണയാണ് ആനയെ മയക്കുവെടി വച്ചത്. നാല് തവണ ശ്രമം നടത്തിയതില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യംകണ്ടത്. നിലവില്‍ കുങ്കിയാനകള്‍ മയക്കുവെടിയേറ്റ തണ്ണീര്‍ക്കൊമ്പന് അടുത്തേക്ക് അടുക്കുകയാണ്. സുരേന്ദ്രന്‍, വിക്രം, സൂര്യന്‍ എന്നീ കുങ്കിയാനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ചാണ് കൊമ്പന് പുറത്തേക്ക് പോകാന്‍ വഴിയൊരുക്കുന്നത്.

തണ്ണീര്‍ക്കൊമ്പനെ ലോറിയില്‍ കയറ്റാനുള്ള ശ്രമം തുടരകയാണ്. ഇതിനായി രണ്ട് ബുസ്റ്റര്‍ ഡോസ് കൂടെ നല്‍കിയിരിക്കുകയാണ്. എന്നാല്‍ പ്രദേശത്തെ വെളിച്ചക്കുറവ് ദൗത്യത്തിന് വെല്ലുവിളിയാകുന്നു.

തണ്ണീര്‍ക്കൊമ്പന്‍ മാനന്തവാടി ടൗണിലെത്തിയിട്ട് 14 മണിക്കൂര്‍ പിന്നിടുകയാണ്. മാനന്തവാടി നഗരസഭ ഡിവിഷന്‍ 24, 25,26,27, ഇടവക പഞ്ചായത്ത് വാര്‍ഡ് 4,5,7 എന്നിവയില്‍ ഇതുമായി ബന്ധപ്പെട്ട് സിആര്‍പിസി 144 പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ആനയെ പിന്തുടരുകയോ ഫോട്ടോ, വീഡിയോ എടുക്കുകയോ ചെയ്യരുത്.

Read Also : മാനന്തവാടിയെ ഭീതിയിലാക്കി റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന; ജാഗ്രത നിർദേശവുമായി അധികൃതർ

കര്‍ണാടക വനംവകുപ്പ് ജനവാസമേഖലയില്‍ നിന്നും രണ്ടാഴ്ച മുമ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ വിട്ട തണ്ണീര്‍ എന്ന പേരുള്ള കാട്ടാനയാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. കര്‍ണാടകയിലെ ഹാസനിലെ ബിക്കോട് എന്ന സ്ഥലത്തുനിന്നുള്ള കാപ്പിത്തോട്ടത്തില്‍ നിന്നാണ് ഈ ആനയെ പിടികൂടിയിട്ടുള്ളത്. റേഡിയോ കോളര്‍ ഘടിപ്പിച്ച സമയത്ത് നല്‍കിയ പേരാണ് തണ്ണീര്‍. അവിടെ നിന്നും നാഗര്‍ഹോള്‍ വനമേഖലയില്‍ തുറന്നുവിടുകയായിരുന്നു. അവിടെ നിന്നും തോല്‍പ്പെട്ടി വനം കടന്ന് തിരുനെല്ലി മേഖലയിലൂടെ മക്കിമല, തലപ്പുഴ വഴിയാണ് മാനന്തവാടിയില്‍ എത്തിയത്.

Story highlights : Thanneerkomban will be moved to Bandipur