‘2 വർഷമായി അവൾ പോരാടിക്കൊണ്ടിരിക്കുന്നു’; പ്രിയപ്പെട്ടവളുടെ തിരിച്ചുവരവിനായി ആകാംഷയോടെ ചിലർ…

December 9, 2023

സ്കൂൾ കാലത്താണ് അനുക്ഷയും രോഹിതും പരിചയപ്പെടുന്നത്. എപ്പോഴും തിളക്കമുള്ളോരു പുഞ്ചിരി അനുഷ മുഖത്ത് കരുതിയിരുന്നു. വിശാലമായ ഹൃദയമുള്ള പെൺകുട്ടിയായിരുന്നു അവൾ. തികഞ്ഞ ഭക്ഷണപ്രിയയായിരുന്ന അവൾ പെയിന്റിംഗും നൃത്തവും ഇഷ്ടപ്പെട്ടിരുന്നു. എപ്പോഴും ചുറുചുറുക്കുള്ള അനുക്ഷയും രോഹിത്തും പരിചയപ്പെട്ട ഉടൻ തന്നെ അവർ തമ്മിൽ അഗാധമായ ഒരു ബന്ധം ഉള്ളതായി തോന്നി. അങ്ങനെ 2013-ൽ അവരുടെ പ്രണയം ആരംഭിച്ചു. (The heart melting tale of Anuksha and her Rohith)

12-ാം ക്ലാസ്സിലെ പഠനത്തിന് ശേഷം ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം നേടുന്നതിനായി രോഹിത് നാഗ്പൂരിലേക്ക് പോയി. സൈക്കോളജിയിൽ ബിരുദം നേടുന്നതിനായി അനുക്ഷ ജമ്മുവിൽ തന്നെ താമസിച്ചു. സമയവും കാലവും ദൂരം സൃഷ്ഠിച്ചപ്പോഴും മനസ്സ് കൊണ്ട് അവർ എപ്പോഴും അടുത്ത് തന്നെയായിരുന്നു. പരസ്പരം താങ്ങായി മാറിയ അവർ രണ്ടുപേരും ഒരുമിച്ചൊരു ഭാവി സ്വപ്നം കണ്ടിരുന്നു.

2021-ൽ ഡിഗ്രി പൂർത്തിയാക്കി രോഹിത് നാഗ്പൂരിൽ നിന്ന് മടങ്ങി. ആ ദിവസവും പതിവുപോലെ ഇരുവരും കണ്ടുമുട്ടി. എന്നാൽ പതിവിനെ അപേക്ഷിച്ച് അന്ന് എന്തോ വ്യത്യസ്തമായിരുന്നു. നിരന്തരമായ തലവേദനയെക്കുറിച്ച് അവൾ സങ്കടം പറയുന്നുണ്ടായിരുന്നു. അന്ന് രാത്രി തന്നെ അവൾക്ക് നല്ല പനി വന്നു. പക്ഷെ എന്താണ് ചെയ്യേണ്ടതെന്ന് ആർക്കും ഒരു ഊഹവുമില്ലായിരുന്നു.

Read also: ‘കണ്ണാടിയിൽ തെളിയുന്ന രൂപമായിരുന്നു ഏറ്റവും വലിയ വേദന’; കളിയാക്കലുകളിൽ പതറാതെ മുന്നേറി യുവാവ്!

എല്ലാവരും ചേർന്ന് ഉടൻ തന്നെ അനുക്ഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഇമ്മ്യൂൺ എൻസെഫലൈറ്റിസ് എന്ന അസുഖമാണ് അനുക്ഷയ്ക്ക് സ്ഥിരീകരിച്ചത്. അവളുടെ മസ്തിഷ്കത്തിന് ഏകദേശം 99% കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അവൾക്ക് അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നും ഡോക്ടർമാർ കുടുംബത്തോടായി പറഞ്ഞു. ഏറെ ശക്തിയുള്ള മരുന്നുകൾ നൽകിയെങ്കിലും അവൾ ചികിത്സയോട് പ്രതികരിച്ചില്ല. മാത്രമല്ല, സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു.

വെറും മൂന്ന് നാല് രാത്രികൾ കൊണ്ട് അവരുടെയൊക്കെ ജീവിതമാകെ തകിടം മറിഞ്ഞു. ആശുപത്രി കിടക്കയിൽ നിർജീവമായി കിടക്കുന്ന അനുക്ഷയുടെ മുഖം അവളെ സ്നേഹിക്കുന്ന ഓരോ ആളുടെയും മനസ്സിലൊരു നൊമ്പരമാണ്.

5 മാസങ്ങൾക്ക് ശേഷം അനുക്ഷയെ വീട്ടിലേക്ക് മാറ്റി. ഇപ്പോൾ 2 വർഷമായി അവൾ വെന്റിലേറ്ററിലാണ്. അവൾ സംസാരിച്ചിട്ടും 2 വർഷങ്ങളായിരിക്കുന്നു. ഓരോ ദിവസവും ജീവിതത്തോട് പോരാടിക്കൊണ്ടിരിക്കുകയാണവൾ. പക്ഷേ അവൾ എല്ലാവർക്കും വേണ്ടി തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ടെന്ന് അനുക്ഷയുടെ പ്രിയപ്പെട്ടവർക്കറിയാം. ഈ യാത്രയിൽ അവളെ ഒരിക്കലും അവർ തനിച്ചാക്കില്ല.

പത്തോ പതിനഞ്ചോ ദിവസത്തിനുള്ളിൽ അനുക്ഷ മരിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ 2 വർഷമായി അവൾ പോരാടിക്കൊണ്ടിരിക്കുന്നു.

കടപ്പാട്: ഒഫീഷ്യൽ പീപ്പിൾ ഓഫ് ഇന്ത്യയോട് രോഹിത് പങ്കുവെച്ച അനുഭവത്തിൽ നിന്ന്…

Story highlights: The heart melting tale of Anuksha and her Rohith