മണ്‍പാതയിലൂടെ ഊര്‍ന്നിറങ്ങി കുട്ടിയാനയുടെ വിനോദം: വൈറല്‍ വീഡിയോ
രസകരങ്ങളായ കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇക്കൂട്ടത്തില്‍ ആനക്കാഴ്ചകളാണ് മുമ്പില്‍. ആനപ്രേമികള്‍ നമുക്കിടയില്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. കൗതുകകരവും രസകരവുമായ ആനക്കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും രസകരമായ ഒരു ആനക്കാഴ്ചയാണ്.
ഒരു കുട്ടിയാനയാണ് ഈ വീഡിയോയിലെ താരം. മണ്‍പാതയിലൂടെ ഊര്‍ന്നിറങ്ങിയാണ് ആനക്കുട്ടിയുടെ വിനോദം. കുട്ടികള്‍ പലപ്പോഴും ഇത്തരത്തില്‍ ഊര്ന്നിറങ്ങാറുണ്ട് ബാല്യകാലത്ത്. കുട്ടിക്കാലത്തെ ഓര്മ്മപ്പെടത്തുന്നുണ്ട് ആനക്കുട്ടിയുടെ ഈ ചെറിയ വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ രസകരമായ ഈ വീഡിയോ പങ്കുവെച്ചത്. ഇതിനോടകംതന്നെ നിരവധിപ്പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
കുട്ടിയാനകളുടെ വിനോദങ്ങള്‍ പലപ്പോഴും വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ വീഡിയോകളില്‍ പതിയാറുണ്ട്. ആനക്കുട്ടികളുടെ പിറവിക്ക് പിന്നില്‍ തന്നെയുണ്ട് കൗതുകങ്ങള്‍. സസ്തനികളില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലം ആനയുടേതാണ്. അതായത് 630 മുതല്‍ 660 ദിവസങ്ങള്‍ വരെയെടുക്കും ഒരു കുട്ടിയാനയുടെ ജനനത്തിന്. ജനിക്കുമ്പോള്‍ 90 മുതല്‍ 115 കിലോഗ്രാം വരെയായിരിയ്ക്കും ആനക്കുട്ടിയുടെ ഭാരം. ജനിച്ച് അരമണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും കുട്ടിയാനകള്‍ അമ്മയാനയുടെ സഹായത്താല്‍ സ്വന്തം കാലില്‍ നില്ക്കും. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വന്തം കാലില്‍ നില്ക്കാന് കുട്ടിയാനയ്ക്ക് പരസഹായം പോലും വേണ്ട.
Story highlights: Elephant calf game of sliding internet viral
Game of sliding is inbuilt in children’s genes😊 pic.twitter.com/JGPBQLNDO2
— Susanta Nanda IFS (@susantananda3) June 25, 2020