ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി റിബിന്‍ റിച്ചാര്‍ഡിന്റെ ‘നാടന്‍ വൈബ്’

June 8, 2020
Naadan Vibe Music Video Ribin Richard

കാലത്തിന്റെ ഒഴുക്കിന് അനുസരിച്ച് സംഗീതപ്രേമികളുടെ അഭിരുചികളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. മെലോഡിയസ് ഗാനങ്ങള്‍ മാത്രം ചേക്കേറിയിരുന്ന ഹൃദയങ്ങളില്‍ ഫാസ്റ്റ് നമ്പറും ന്യൂജനറേഷന്‍ തട്ടുപൊളിപ്പന്‍ ഗാനങ്ങളുമെല്ലാം ഇടം നേടിത്തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. ആസ്വാദകരിലധികവും ഇക്കാലത്ത് പുതുമകളെയാണ് ഇഷ്ടപ്പെടാറുള്ളതും. പാട്ട് പ്രേമികള്‍ക്ക് മലയാളത്തില്‍ അത്ര സുപരിചിതമല്ലാത്ത സംഗീത ആസ്വാദനം സമ്മാനിയ്ക്കുകയാണ് റിബിന്‍ റിച്ചാര്‍ഡ് നാടന്‍ വൈബ് എന്ന മ്യൂസിക് വീഡിയോയിലൂടെ.

പേര് സൂചിപ്പിയ്ക്കുന്നത് പോലെ അതിഗംഭീരമായൊരു നാടന്‍ വൈബ് തന്നെയാണ് ഈ സംഗീതാവിഷ്‌കാരം. പ്രായഭേദമന്യേ ആരും ഹൃദയത്തിലേറ്റും ഈ ഗാനം. ഇടയ്ക്കിടെ പാടി നടക്കാന്‍ പാകത്തിനുള്ള താളം ഈ സംഗീതാവിഷ്‌കാരത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. മലയാളികളുമായി അത്രമേല്‍ ആത്മബന്ധം പുലര്‍ത്തുന്നുണ്ട് വരികള്‍.

റിബിന്‍ റിച്ചാര്‍ഡിന്റെ ആശയത്തിന് അനുസരിച്ച് വരികള്‍ എഴുതി ഭംഗിയായി ആലപിച്ചിരിയ്ക്കുന്നത് റാപ്പറായ ‘തിരുമാലി’ ആണ്. ബോബി രാജന്‍ ആണ് വീഡിയോ ഒരുക്കിയിരിയ്ക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഇത്തരമൊരു മലയാള സംഗീതാവിഷ്‌കാരം മലയാളികള്‍ക്ക് അത്ര പരിചിതമല്ല. എന്നാല്‍ വരികളിലെ ലാളിത്യവും സംഗീതത്തിന്റെ മേന്മയുമെല്ലാം ഈ നാടന്‍ വൈബിനെ ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ‘ഡെസിബല്‍ ഇവന്‍റ്സ് ദുബായ്’ ആണ് മ്യൂസിക് വീഡിയോയുടെ നിര്‍മാണം നിര്‍വഹിച്ചിരിയ്ക്കുന്നത്. ‘ഈസോണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്’ ആണ് ആര്‍ടിസ്റ്റ് മാനേജ്മെന്‍റ്.

എറണാകുളം സ്വദേശിയാണ് റിബിന്‍ റിച്ചാര്‍ഡ്. പത്ത് വര്‍ഷത്തിലേറെയായി സംഗീത രംഗത്തെ നിറസാന്നിധ്യം. രാജ്യത്തിന് അകത്തും പുറത്തുമായി ഡി ജെ രംഗത്തും സജീവമാണ് റിബിന്‍. ഇലക്ട്രോണിക്‌ ഡാന്‍സ് ‌ മ്യൂസിക്കിലാണ് റിബിന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ ഒരു വിഭാഗത്തിലുള്ള സംഗീതാവിഷ്‌കാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും.

കലൂരില്‍ റിച്ചാര്‍ഡ്‌സ് എന്ന പേരില്‍ ഒരു മ്യൂസിക് അക്കാദമിയ്ക്കും റിബിന്‍ നേതൃത്വം കൊടുക്കുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടിലിരിയ്ക്കുകയാണെങ്കിലും കൂടുതല്‍ സമയവും സംഗീതത്തിനു വേണ്ടിതന്നെയാണ് ഈ കലാകാരന്‍ ഉപയോഗപ്പെടുത്തുന്നത്. ചെറുപ്പം മുതല്‍ക്കേ സംഗീതത്തെ ഹൃദയത്തിലേറ്റിയ റിബിന് മികച്ച പിന്തുണയുമായി കുടുംബവും ഒപ്പം ഉണ്ട്. മലയാളികള്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് ഇനിയും നിരവധി സംഗീതാവിഷ്‌കാരങ്ങള്‍ ഒരുക്കണമെന്ന വലിയ സ്വപ്‌നവുമുണ്ട് ഈ പ്രതിഭയ്ക്ക്….

Story highlights: Naadan Vibe Music Video Ribin Richard