97-ാം വയസ്സില്‍ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പാടി ‘എന്റടുക്കെ വന്നടുക്കും… ‘; പാപ്പുക്കുട്ടി ഭാഗവതര്‍ ഓര്‍മ്മയാകുമ്പോള്‍ നഷ്ടമായത് നൂറ്റാണ്ടിന്റെ കലാജീവതത്തെ

June 23, 2020
Pappukkutty Bhagavatar

മരണത്തെ പലപ്പോഴും രംഗ ബോധമില്ലാത്ത കോമാളി എന്നു വിശേഷിപ്പിക്കാറുണ്ട്. അപ്രതീക്ഷതിമായാണ് മരണം പലരെയും കവര്‍ന്നെടുക്കുന്നതും. പാപ്പുക്കുട്ടി ഭാഗവതര്‍ എന്ന പകരം വയ്ക്കാനില്ലാത്ത കലാകാരന്‍ 107-ാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് ഒരു നൂറ്റാണ്ടു കാലത്തെ സംഗീത പ്രതിഭയെയാണ്.

‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ എന്റെടുക്കെ വന്നടുക്കും… എന്ന ഒരു ഗാനം മതി ഈ പാപ്പുക്കുട്ടി ഭാഗവതരുടെ വൈഭവം മനസ്സിലാക്കാന്‍. തന്റെ 97-ാം വയസ്സിലാണ് പാപ്പുക്കുട്ടി ഭാഗവതര്‍ ഈ ഗാനം പാടുന്നത്. അതും യൗവ്വനത്തിന്റെ ചുറുചുറുക്കോടെ. പുതുതലമുറ പോലും ഈ ഗാനത്തെ ഏറ്റു പാടി തുടങ്ങിയപ്പോള്‍ മറ്റൊരു അര്‍ത്ഥത്തില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പഴമക്കാര്‍ക്കൊപ്പം ന്യൂ ജനറേഷന്റെ കൂടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു.

നൂറാം വയസ്സിലും കൊച്ചിയില്‍ കച്ചേരി നടത്തിയ പാപ്പുക്കുട്ടി ഭാഗവതരെ മലയാളികള്‍ക്ക് കാലങ്ങളേറെ പിന്നിട്ടാലും മറക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഈ കച്ചേരിയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അദ്ദേഹം ഇടം നേടി. ഗായകന്‍ എന്നതിലുപരി സിനിമയിലും നാടകങ്ങളിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് പാപ്പുക്കുട്ടി ഭാഗവതര്‍.

തന്റെ ഏഴാം വയസ്സില്‍ വേദമണി എന്ന സംഗീത നാടകത്തിലൂടെ അരങ്ങിലെത്തിയതാണ് അദ്ദേഹം. പിന്നീട് പതിനയ്യായിരത്തില്‍ അധികം നാടക വേദികളില്‍ ശ്രദ്ധ നേടി. പതിനേഴാം വയസ്സില്‍ പി ജെ ചെറിയാന്റെ മിശിഹാ ചരിത്രത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷത്തിലെത്തിയതോടെ പ്രൊഫഷണല്‍ നാടക നടനായി അറിയപ്പെട്ടു തുടങ്ങി അദ്ദേഹം. തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തിലും നായകനായെത്തി. ഈ നാടകത്തില്‍ പാപ്പുക്കുട്ടി നായകനായപ്പോള്‍ തിക്കുറിശ്ശി ആയിരുന്നു വില്ലന്‍.

ഒട്ടനവധി നാടകങ്ങളില്‍ പാടിയിട്ടുമുണ്ട് പാപ്പുക്കുട്ടി ഭാഗവതര്‍. 25-ല്‍ പരം സിനിമകളിലും കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു. സംഗീത നാടക അക്കാദമി പുരസ്‌കാരവും ഫെല്ലോഷിപ്പും അടക്കം നിരവധി പുരസ്‌കാരങ്ങളും അതുല്യ പ്രതിഭയെ തേടിയെത്തി. പാപ്പുക്കുട്ടി ഭാഗവതര്‍ കാലയവനികയ്ക്ക് പിന്നില്‍ മറയുമ്പോള്‍ നഷ്ടമാകുന്നത് ഒരു നൂറ്റാണ്ടിന്റെ കലാജീവിതത്തെയാണ്….

Story highlights: Pappukkutty Bhagavatar Passed Away