തങ്കുപൂച്ചേ… സ്നേഹത്തോടെ കുട്ടികള്‍ക്കൊപ്പം കേരളവും ഏറ്റുവിളിച്ചു; ദേ ഇതാണ് മലയാളികള്‍ ഹാജരായ ക്ലാസിലെ സായി ടീച്ചര്‍
ജൂണ്‍ 1… പതിവിലും വ്യത്യസ്തമായി ഓണ്‍ലൈനില്‍ അധ്യാനവര്‍ഷം ആരംഭിച്ചു. കുസൃതിക്കൊഞ്ചലും കുഞ്ഞിക്കരച്ചിലുംമൊക്കെയാണ് സാധരണ അധ്യാനവര്‍ഷത്തിലെ ആദ്യദിനത്തില്‍ ടെലിവിഷന്‍ സ്ക്രീനുകളില്‍ നിറയാറ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇന്ന് ഒരു ടീച്ചറാണ് താരമായത്.
കേരളം മുഴുവന്‍ ഹാജരായി ഈ ടീച്ചറിന്റെ ക്ലാസില്‍ എന്നതാണ് ശ്രദ്ധേയം. ‘എന്റെ തങ്കു പൂച്ചേ…. മിട്ടു പൂച്ചേ… ഇനി സ്നേഹത്തോടെ എല്ലാവരും വിളിച്ചേ തങ്കു പൂച്ചേ….’ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികളോടാണ് ടീച്ചര്‍ പറഞ്ഞതെങ്കിലും ഏറ്റെടുത്തത് മലയാളികള്‍ ഒന്നടങ്കമാണ്. വിക്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഈ ക്ലാസ് വൈറലായിരിക്കുകയാണ്. വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പേജുകളിലുമൊക്കെ ടീച്ചറിന്റെ ക്ലാസ് ഇടം നേടി.
സായി ശ്വേത ദിലീപ് എന്നാണ് ഈ ടീച്ചറിന്റെ പേര്. രണ്ട് പൂച്ചകളുടെ ചിത്രങ്ങളുമായാണ് സായി ടീച്ചര്‍ ക്ലാസ് എടുക്കാന്‍ എത്തിയത്. കുസൃതിച്ചിരിയോടെ കൊഞ്ചിച്ചും സ്നേഹിച്ചും കുരുന്നുകള്‍ക്കായി ടീച്ചര്‍ ക്ലാസെടുത്തു, ഭംഗിയായി. ആരും കേട്ടിരുന്നു പോകും ഈ ക്ലാസ് എന്ന് ചുരുക്കം. സുന്ദരമായ ഒന്നാം ക്ലാസ് മുറിയെ വിദ്യാര്‍ത്ഥികളുടെ വീട്ടിലെ സ്വീകരണ മുറിയിലേയ്ക്ക് എത്തിച്ച സായി ടീച്ചറെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നവരും നിരവധിയാണ്.
കോഴിക്കോട് സ്വദേശിനിയായ സായി ശ്വേത ചോമ്പാല ഉപജില്ലയിലെ എല്‍ പി സ്കൂള്‍ അധ്യപികയാണ്. കഴിഞ്ഞ വര്‍ഷമാണ് അധ്യാപനജീവിതത്തിലേയ്ക്കുള്ള കടന്നുവരവ്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് സായി ടീച്ചര്‍ പഠിപ്പിച്ചത്. ഇത്തവണ ഓണ്‍ലൈനായി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ അതും ഭംഗിയായി നിര്‍വഹിക്കുന്നു. വരും ദിവസങ്ങളിലും ഉണ്ട് ടീച്ചറിന്റെ ക്ലാസുകള്‍.
അധ്യാപനത്തിനൊപ്പം നൃത്തത്തെയും ചേര്‍ത്തുപിടിയ്ക്കുന്നു സായി ടീച്ചര്‍. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഇവര്‍. ടിക് ടോക്ക് വീഡിയേകളിലൂടെ സമൂഹമാധ്യമങ്ങളിലും താരം. മികച്ച സപ്പോര്‍ട്ട് നല്കുന്നു ഭര്‍ത്താവ് ദിലീപും ഈ ടീച്ചര്‍ക്ക്. മികച്ച അഭിപ്രായമാണ് സായി ടീച്ചറിന്റെ ഓണ്‍ലൈന്‍ ക്ലാസിന് ലഭിയ്ക്കുന്നത്.