‘കട്ട ചങ്ക്സ്’ ആണ് ഭാമക്കുട്ടിയും ഉമാദേവി എന്ന ആനയും; സോഷ്യല്‍മീഡിയ ഹൃദയത്തിലേറ്റിയ ആ സ്നേഹക്കൂട്ടിന്റെ കഥ ഇങ്ങനെ
കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞുനില്ക്കുന്നത് ചേലുള്ള ഒരു സ്നേഹക്കാഴ്ചയാണ്. ആനയ്ക്കൊപ്പം ചെറുവെള്ളത്തിലൂടെ കളിച്ചും ചിരിച്ചും കൊഞ്ചിയും നടന്നുവരുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങള്‍. ആദ്യ കാഴ്ചയില്‍തന്നെ മനസ്സില്‍ കേറിക്കൂടി ഈ മിടുക്കിക്കുട്ടിയും കൂടെനടന്ന ആനയും. അപൂര്‍വ്വമായ ഈ സൗഹൃദത്തിന്റെ കഥ അറിയാം.
സോഷ്യല്‍മീഡിയയിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ ഈ സ്നേഹക്കുട്ടുകാര് ഭാമക്കുട്ടിയും ഉമാദേവി എന്ന ആനയുമാണ്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. രണ്ട് വയസ്സുകാരി ഭാമയുടെയും ഉമാദേവി എന്ന ആനയുടേയും ചങ്ങാത്ത വീഡിയോയ്ക്ക് ഏറെയാണ് കഴ്ചക്കാര്‍.
ഉമാ ദേവി എന്ന ആനയുടെ തുമ്പിക്കൈയും പിടിച്ചുകൊണ്ടാണ് ഭാമക്കുട്ടി പിച്ചവെച്ചുതുടങ്ങിയതുതന്നെ. അച്ഛനൊപ്പം ആനപ്പുറത്തിരുന്ന് ഭാമക്കുട്ടി നാടു കണ്ടു, നിറഞ്ഞു ചിരിച്ചു. ഉമയ്ക്ക് അരികിലെത്തുമ്പോള്‍ കൈയില്‍ എപ്പോഴും മധുരവും കരുതാറുണ്ട് ഭാമക്കുട്ടി. പ്രഭാത നടത്തം പോലും ഇരുവരും ഒരുമിച്ച്. വഴിയിലെ പതിവ് സന്ദര്ശകരോടൊക്കെ ചങ്ങാത്തവും കൂടും ഇരുവരും. വികൃതി കാട്ടിയാല്‍ ഉമയെ വിരട്ടാന്‍ കൈയില്‍ ഒരു വടിയും പിടിച്ച് കുട്ടിപാപ്പാനായാണ് ഭാമക്കുട്ടിയുടെ നടപ്പ്.
ഉമാമഹേശ്വര മഠത്തില്‍ മഹേഷ്കൃഷ്ണനാണ് ഭാമയുടെ അച്ഛന്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്തുനിന്നും മഹേഷ്കൃഷ്ണന്‍ വാങ്ങിയതാണ് ഉമദേവി എന്ന ആനയെ. വീട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട ഒരു അംഗത്തെപ്പോലെയാണ് ഉമാദേവി. മഹേഷ്കൃഷ്ണന്റെ കസിനായ വിഷ്ണു പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്തായാലും പത്തരമാറ്റ് തങ്കത്തിളക്കമുണ്ട് ഈ സ്നേഹക്കൂട്ടിന്.
Story highlights: Social media trending Umadevi elephant and Bhama friendship story