‘കൊട്ടാണ് സാറേ ഇവന്റെ മെയിന്‍’; കൈയില്‍ കിട്ടുന്നത് എന്തുംവെച്ച് അസലായി കൊട്ടി പാട്ടൊരുക്കും: സൂപ്പറാണ് ബെന്‍ജോയുടെ താളം

June 6, 2020
social media viral benjo

കൈയില്‍ രണ്ട് കമ്പ്, തറയില്‍ കൊട്ടിയപ്പോള്‍ ഉയര്‍ന്നു വന്നത് മലയാളികള്‍ ഹൃദയത്തിലേറ്റുന്ന ആ ഗാനം. ‘ഒരു മുറൈ വന്ത് പാര്‍ത്തായാ… നീ ഒരു മുറൈ വന്ത് പാര്‍ത്തായാ…’ മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ഓര്‍മ്മകളിലേയ്ക്ക് അറിയാതെ കൂട്ടികൊണ്ടുചെല്ലുന്ന ഗാനം. പറഞ്ഞു വരുന്നത് ഈ ഗാനത്തെ കുറിച്ചല്ല, രണ്ട് കമ്പുകള്‍ക്കൊണ്ട് ഈ ഗാനം പുനഃസൃഷ്ടിച്ച ഒരു കലാകാരനെക്കുറിച്ചാണ്. ബെന്‍ജോ ബേബി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിച്ചിത്രത്താഴിലെ ഗാനം കമ്പുകള്‍ക്കൊണ്ട് പുനഃരാവിഷ്‌കരിച്ച ബെന്‍ജോയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സംഗീതമോ വാദ്യോപകരണങ്ങളോ ഒന്നും പഠിച്ചിട്ടില്ല ബെന്‍ജോ. പക്ഷെ അദ്ദേഹത്തിനുള്ളില്‍ കലയുണ്ട്. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത പവിത്രമായ കാലാവാസന. കൈയില്‍ കിട്ടുന്ന എന്തുംവെച്ച് കൊട്ടി താളം തീര്‍ക്കും ബെന്‍ജോ. സ്റ്റൂളില്‍ എത്ര പൂക്കാലം അതിലെത്ര മധുമാസം എന്ന ഗാനം കൊട്ടി താളം പിടിച്ച വീഡിയോയും വൈറലാണ്. നിരവധിപ്പേര്‍ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്.

കുട്ടിക്കാലം മുതല്‍ക്കേ താളത്തെ നെഞ്ചേറ്റിയിരുന്നു ഈ യുവാവ്. ചെറുപ്പത്തില്‍ കുരുത്തക്കേട് കാട്ടാതിരിയ്ക്കാന്‍ ഒരു പാത്രവും രണ്ട് സ്പൂണുകളും നല്‍കുമായിരുന്നത്രേ അമ്മ. അതുകൊട്ടിയും കുഞ്ഞു ബെന്‍ജോ സംഗീതം തീര്‍ത്തു. സംഗീതം പഠിക്കണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും ജീവിത സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ല.

ഇടുക്കി ജില്ലയിലെ മുനിയറയാണ് ബെന്‍ജോയുടെ സ്വദേശം. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് ശേഷം വടകരയില്‍ ജോലി ചെയ്യുന്നു. പാട്ടുകളെ സ്‌നേഹിക്കുന്ന ബെന്‍ജോ അവ കേട്ട് അവയുടെ താളത്തിന് അനുസരിച്ച് കൊട്ടുന്നു, ഭംഗി ചോരാതെ. കൊട്ടിയൊരുക്കുന്ന താളംതന്നെയാണ് ബെന്‍ജോയുടെ ഹൃദയവും നിറയെ.

കൊട്ടുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ബെന്‍ജോ പ്രതീക്ഷിച്ചിരുന്നത് നൂറ് ലൈക്ക് മാത്രമാണ്. ഇത്ര വൈറല്‍ ആകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ബെന്‍ജോ പറയുന്നു. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബവും കൂട്ടുകാരും ബെന്‍ജോയ്ക്ക് നല്‍കുന്ന പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണ്. നാടിന്റെ പേരിനൊപ്പം സ്വന്തം പേരും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിട്ടുണ്ടെന്നും ബെന്‍ജോ കൂട്ടിച്ചേര്‍ത്തു. കൊട്ടുന്ന താളംപോലെ ജീവിതതാളവും സുന്ദരമാകുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരാന്‍.

Story highlights: Social media viral Benjo Baby Special Story