കൊവിഡ് പിടിമുറുക്കുന്നു; ലോകത്ത് ഒരു കോടി കടന്ന് രോഗബാധിതർ
കൊറോണ ഭീതിയൊഴിയാതെ ലോകരാജ്യങ്ങൾ. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ആകെ കൊവിഡ് ബാധിതർ 1,04,00,208 ആയി. മരണസംഖ്യ 5,07,494 ആയി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതർ 2,681,811 ആയി. മരണം 128,783 കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത് ബ്രസീലും റഷ്യയുമാണ്. ബ്രസീലിൽ 1,370,488 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 58,385 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ അഞ്ചര ലക്ഷത്തിലധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 18,870 പേർക്കാണ്. 415 പേർ മരിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാട്ടിലും ഡൽഹിയിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ്. അതേസമയം രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും അടുത്ത 31 വരെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്.
Story Highlights: world covid updates