‘40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം’; പൂർണ ആരോഗ്യവതിയെന്ന് ആനി!

April 21, 2024

തടി കുറയ്ക്കാനും കൂട്ടാനും, മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുമെല്ലാം കഠിനമായ ഡയറ്റ് ഫോളോ ചെയ്യുന്നവർ ഇന്ന് നമുക്കിടയിൽ പതിവ് കാഴ്ചയാണ്. അനാവശ്യമായി പൊടുന്നനെ ഭക്ഷണ ക്രമത്തിൽ മാറ്റങ്ങൾ വരുത്തി അബദ്ധങ്ങൾ വരുത്തി വെയ്ക്കുന്നവരും ചുരുക്കമല്ല. അത്തരത്തിൽ ഭക്ഷണക്രമത്തിൽ ഏറെ വിചിത്രമായ പരീക്ഷണവുമായി മുന്നിട്ടിറങ്ങിയ ക്വീൻസ്‌ലൻഡുകാരി ആനി ഓസ്‌ബോണാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. (Woman Survives on Orange Juice for 40 Days)

ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള നോമ്പുകാലത്താണ് ആനി പരീക്ഷണം നടത്തിയത്. 40 ദിവസക്കാലം ഓറഞ്ച് ജ്യൂസ് മാത്രമടങ്ങിയ ഭക്ഷണ ക്രമമാണ് ആനി പിന്തുടർന്നത്. ഓറഞ്ച് മാത്രം ഉൾപ്പെട്ട ഭക്ഷണക്രമം തന്നെ എങ്ങനെയെല്ലാം സഹായിച്ചു എന്ന് വിശദീകരിച്ചുകൊണ്ട് ആനി ഇൻസ്റ്റഗ്രാമിൽ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

Read also: ആഹാരസാധനങ്ങൾ കാർട്ടൂണാക്കി മാറ്റുന്ന ഒരു അമ്മ- കഴിവിന് കയ്യടി!

ഏറെ അത്ഭുതകരമായ അനുഭവമാണ് തനിക്കുണ്ടായതെന്നും വൈകാരികവും ശാരീരികവും ആത്മീയവുമായ നേട്ടങ്ങൾ താൻ അനുഭവിച്ചതായും ആനി വിഡോയിൽ അവകാശപ്പെടുന്നുണ്ട്. പഴങ്ങൾ മാത്രം ഉൾപ്പെട്ടുള്ള ഭക്ഷണരീതി ആനിക്ക് പുതുമയല്ല. ഇത് പണ്ടുമുതൽക്കേ അവർ ശീലിച്ചുവരുന്നതാണെന്നും പറയുന്നുണ്ട്.

ശരീരവും മനസും പുതുക്കപ്പെട്ട അനുഭവമാണ് ഇപ്പോൾ തനിക്കുള്ളതെന്നും ആനി പറയുന്നു. മാത്രമല്ല, പ്രകൃതിദത്തമായ പഴങ്ങളുടെ ഗുണങ്ങളെ കുറിച്ചും മറ്റ് പഴങ്ങളുടെ ഉപയോഗങ്ങൾ മനസിലാക്കാനും ഈ ദിവസങ്ങൾ സഹായിച്ചു എന്നും അവർ പറയുന്നുണ്ട്.

ഓറഞ്ച് ജ്യൂസ് വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പോലെയുള്ള ഗുണങ്ങൾ നൽകുമ്പോൾ തന്നെ, ആരോഗ്യ വിദഗ്ധർ പൊതുവെ ഇത്തരം നിയന്ത്രിത ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.

ഓസ്ബോണിൻ്റെ അനുഭവം നല്ലതാണെങ്കിൽ കൂടി, പഴങ്ങൾ മാത്രമുള്ള ഭക്ഷണക്രമത്തിൽ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ഇല്ലെന്നുള്ള മുന്നറിയിപ്പ് കൂടെ വിദഗ്ധർ നൽകുന്നു.

Story highlights: Woman Survives on Orange Juice for 40 Days