ഇല്ലാതാക്കരുത് പച്ചപ്പ്; ജൈവ വൈവിധ്യത്തെ ആഘോഷമാക്കാം: ഇന്ന് ലോക പരിസ്ഥിതി ദിനം

June 5, 2020
World Environment Day Special

ഇന്ന്, ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം. മനുഷ്യനെ പോലെ പരിപാലനം ആവശ്യമാണ് പരിസ്ഥിതിക്കും. മനുഷ്യനും ദൈവവും പ്രകൃതിയും ചേരുന്നതാണ് പരിസ്ഥി എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. എന്നാല്‍ ഈ ബന്ധത്തിന് കോട്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയെ മനുഷ്യന്‍ മറന്നു. ദൈവത്തിന്റെ പേരില്‍ അക്രമങ്ങളും പെരുകി.

വലിയ തോതിലുള്ള ചൂഷ്ണങ്ങള്‍ക്ക് ഇരയാകുന്നുണ്ട് ഇക്കാലത്ത് പ്രകൃതി. മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നു. യന്ത്രരാക്ഷസിയുടെ കരാളഹസ്തത്തില്‍ അമര്‍ന്ന് പ്രകൃതി മരണ വേദന അനുഭവിക്കുന്നു. അബംരചുംബികളായെ കെട്ടിട സമുച്ചയങ്ങള്‍ പണിയുന്നതിനുവേണ്ടി പ്രകൃതിയെ ചൂഷ്ണം ചെയ്യുമ്പോള്‍ നാം തിരിച്ചറിയേണ്ട ഒന്നുണ്ട്, നാം ഇരിക്കുന്ന കൊമ്പു തന്നെയാണ് മുറിക്കുന്നത് എന്ന്. ഒരു കാലത്ത് വരങ്ങളായി നാം കരുതിയ മരങ്ങളൊക്കെയും വരകള്‍ മാത്രമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്.

ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി 1972 മുതലാണ് ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ജൈവ വൈവിദ്യത്തെ ആഘോഷമാക്കുക എന്നതാണ് ഇത്തവണത്തെപരിസ്ഥിതി ദിന മുദ്രാവാക്യം.

പരിസ്ഥിതി സംരക്ഷണം എന്നത് കേവലം പ്രസംഗങ്ങളിലും ലേഖനങ്ങളിലും മാത്രമായി ഒതുങ്ങേണ്ട ഒന്നല്ല. പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ വ്യക്തിക്കും ബാധകമാണ്. ഇനിയും പ്രകൃതിക്കെതിരെ തിരിഞ്ഞാല്‍ ഒരുപക്ഷെ വലിയ വില കൊടുക്കോണ്ടി വരും.

പരിസ്ഥിതി ദിനത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല പ്രകൃതി സ്‌നേഹം. പരിസ്ഥിതിയെ സ്‌നേഹിക്കുക, സ്‌നേഹിച്ചുകൊണ്ടേയിരിയ്ക്കുക. വരും തലമുറകള്‍ക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. അതുകൊണ്ടു തന്നെ അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. പൊന്നുപോലെ കരുതാം നമുക്കീ പരിസ്ഥിതിയെ….

Story highlights: World Environment Day Special