അന്ധനായ മനുഷ്യന് മുന്നിലെ പ്രതിസന്ധി ‘എടുത്തുകളഞ്ഞ്’ നായയുടെ കരുതല്‍; ഹൃദയംതൊട്ട് ഒരു വീഡിയോ

July 4, 2020
animal

മനുഷ്യരെപ്പോലെ തന്നെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരമാകാറുണ്ട് മൃഗങ്ങളും. വളർത്തുമൃഗങ്ങൾക്ക് യജമാനന്മാരോടുള്ള കരുതലും സ്നേഹവുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വർത്തയാകാറുണ്ട്. ചിലപ്പോഴൊക്കെ ചില മൃഗങ്ങളുടെ അപ്രതീക്ഷിത സ്നേഹവും നാം കാണാറുണ്ട്.

എന്നാൽ വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളത് നായകൾക്കാണ്. ഉടമകളോട് സ്‌നേഹവും വിശ്വസ്തതയുമുള്ള നായകളുടെ വീഡിയോകള്‍ ഏറ്റെടുക്കുന്നവരും നിരവധിയാണ്. ചിലപ്പോഴൊക്കെ പ്രായോഗിക ബുദ്ധിയുടെ കാര്യത്തിലും മനുഷ്യരെ ആശ്ചര്യപ്പെടുത്താറുണ്ട് നായകള്‍. അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

തെരുവിലൂടെ നടന്നുനീങ്ങുന്ന അന്ധനായ ഒരു വ്യക്തിയ്ക്ക് തടസമായി കിടക്കുന്ന തടിക്കഷ്ണം എടുത്ത് മാറ്റി, നടന്നുനീങ്ങുന്ന വ്യക്തിയ്ക്ക് വഴിയൊരുക്കുന്ന നായയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. വളരെ പ്രായോഗികമായാണ് ഈ നായ പ്രവർത്തിച്ചത്.

ഒരു യുവതിക്കൊപ്പം ചെറിയ വഴിയിലൂടെ നടന്നുനീങ്ങുകയാണ് നായ. റോഡിൽ കിടക്കുന്ന കമ്പിന് മുകളിലൂടെ അനായാസമാണ് യുവതിയും നായയും കടന്നുപോകുന്നത്. ഈ സമയത്ത് എതിർവശത്തുകൂടി ഒരു അന്ധനായ വ്യക്തി നടന്നുവരുന്നുണ്ട്. മുമ്പേ നടന്നുനീങ്ങിയ നായ പിന്നീട് തിരികെ വന്ന് തടിക്കഷ്ണം എടുത്ത് മാറ്റി സൈഡിലേക്ക് ഇടുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

Read also: ഇങ്ങനെ ഒരു ഗോള്‍ ആഘോഷം ഇതിന് മുന്‍പ് ആരും കണ്ടിട്ടുണ്ടാവില്ല; മാനിന്റെ ഗോളും ആഘോഷവും വൈറല്‍

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ഈ വീഡിയോ. മുൻപും നായകളുടെ ബുദ്ധിപരമായ പ്രവർത്തികൾ കൊണ്ട് ഒട്ടേറെ വീഡിയോകൾ ശ്രദ്ധേയമായിട്ടുണ്ട്. എങ്കിലും ഈ വീഡിയോ ഹൃദയങ്ങൾ കീഴടക്കുന്നു എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. അതേസമയം ഈ വീഡിയോ മുൻകൂട്ടി പ്ലാൻ ചെയ്ത് ചിത്രീകരിച്ചതാണെന്ന് പറയുന്നവരുമുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെങ്കിൽപ്പോലും നായുടെ ഈ കരുതൽ അഭിനന്ദിക്കാതിരിക്കാനാവില്ല.

Story Highlights: Smart dog viral video