സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ ചെറുതല്ല. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് കറ്റാര്‍ വാഴ അഥവാ അലോവേരയുടെ സ്ഥാനം. മുടിക്കും കണ്ണിനുമെല്ലാം ഗുണകരമാണ് കറ്റാര്‍വാഴ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴയുടെ ചില സൗന്ദര്യ ഗുണങ്ങളെ പരിചയപ്പെടാം.
കറ്റാര്‍വാഴയുടെ ജെല്‍ ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്. അതുപോലെതന്നെ മുഖത്തെ കറുത്ത പാടുകള്‍ നീക്കി, തിളക്കമാര്‍ന്ന ചര്‍മ്മം നല്‍കുന്നതിനും കറ്റാര്‍വാഴ സഹായിക്കുന്നു. ബാക്റ്റീരിയയെ ചെറുക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ മികച്ചുനില്ക്കുന്നു.
കണ്‍തടങ്ങളിലെ കറുപ്പ് മാറ്റുന്നതിനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴയുടെ ജെല്ല് തുണിയില്‍ പൊതിഞ്ഞ് കണ്തടങ്ങളില് വെയ്ക്കുന്നതുവഴി കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാം. കറ്റാര്‍വാഴയുടെ നീരും കസ്തൂരി മഞ്ഞളും ചേര്‍ത്ത് മുഖത്തും ചര്‍മ്മത്തിലും പുരട്ടുന്നതു സൂര്യതാപം ഏറ്റ ചര്‍മ്മത്തിന് നല്ലതാണ്. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും ഈ ലേപനം സഹായിക്കും.
മുടിയഴകിനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കും. പ്രകൃതിദത്തമായ നല്ലൊരു കണ്ടീഷ്ണര്‍ കൂടിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്‍ തലമുടിയിലും തലയോട്ടിയിലും പുരട്ടുന്നത് മുടിക്ക് തിളക്കം വര്ധിപ്പിക്കന് സഹായിക്കുന്നു.
Story highlights:Aloe vera special beauty tips fro hair and face